നടിയെ ആക്രമിച്ച കേസ്: നടൻ ഇടവേള ബാബു അറസ്റ്റിൽ ; കുറ്റം തെളിഞ്ഞാൽ ചുരുങ്ങിയത് 10 വർഷംവരെ തടവും പിഴയും ശിക്ഷ ലഭിച്ചേക്കാം

നടിയെ ആക്രമിച്ച കേസ്: നടൻ ഇടവേള ബാബു അറസ്റ്റിൽ, ചോദ്യം ചെയ്യൽ മൂന്നു മണിക്കൂർ നീണ്ടു

നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബുവിനെ പൊലീസ് അറസ്റ്റു ചെയ്തു. കേസിൽ ഇടവേള ബാബുവിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ ജാമ്യത്തിൽ വിടും. രാവിലെ കൊച്ചിയിൽ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ ഇടവേള ബാബുവിനു പൊലീസ് നിർദേശം നൽകിയിരുന്നു. പത്തു മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യലിനുശേഷം ഒരു മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഓഗസ്റ്റ് 28ന് എറണാകുളം ടൗൺ നോർത്ത് സ്റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. അമ്മയിൽ അംഗത്വം നേടാനായി വിളിച്ചപ്പോൾ അപേക്ഷ പൂരിപ്പിക്കാൻ നടിയോട് ഫ്ലാറ്റിലേക്ക് വരാൻ ആവശ്യപ്പെട്ടെന്നും, പൂരിപ്പിച്ചുകൊണ്ടിരുന്നപ്പോൾ കഴുത്തിൽ ചുംബിച്ചെന്നുമാണ് പരാതി. പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് കേസ്. തെളിഞ്ഞാൽ ചുരുങ്ങിയത് 10 വർഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കും.

ഇടവേള ബാബുവിന്റെ ഫ്‌ലാറ്റില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെനിന്ന് രേഖകള്‍ പിടിച്ചെടുത്തുവെന്നാണ് അന്വേഷണസംഘത്തില്‍നിന്നും ലഭിക്കുന്ന വിവരം. പരാതിക്കാരിയെ ഫ്‌ലാറ്റിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം നടനും എം എല്‍ എയുമായ മുകേഷിനെതിരായ ലൈംഗിക പീഡനപരാതിയില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം വിപുലീകരിച്ചിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. അമ്മ സംഘടനയിലെ മുന്‍ ഭാരവാഹികളുടെ മൊഴിയെടുക്കുമെന്നാണ് വിവരം.


Related Articles
Next Story