ജയസൂര്യക്കെതിരായ പീഡനക്കേസ്: ബാലചന്ദ്ര മേനോന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും
തിരുവനന്തപുരം: ജയസൂര്യക്കെതിരായ പീഡനക്കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും. ബാലചന്ദ്ര മേനോന്‍ സംവിധാനംചെയ്ത ചിത്രത്തിന്റെ സെറ്റില്‍വച്ചായിരുന്നു സംഭവമെന്ന് നടി പരാതിയില്‍ പറഞ്ഞിരുന്നു.
ജാമ്യമില്ലാ വകുപ്പ് പ്രകാരം തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ജയസൂര്യക്കെതിരെ കേസെടുത്തത്. ഐപിസി 354, 354 അ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്. കേസില്‍ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് പൊലീസ് തിരുവനന്തപുരം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കി.
2008ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനംചെയ്ത ചിത്രത്തിന്റെ ഒരു ഭാഗം ചിത്രീകരിച്ചത് സെക്രട്ടേറിയറ്റിലായിരുന്നു. ഇവിടെ നടന്ന ഷൂട്ടിങ്ങിനിടെ നടന്‍ ജയസൂര്യ മോശമായി പെരുമാറി എന്നാണ് നടിയുടെ പരാതി. സിനിമാ ചിത്രീകരണത്തിനിടെ സെക്രട്ടേറിയറ്റ് ഇടനാഴിയില്‍വെച്ച് നടന്‍ കടന്നുപിടിച്ച് ചുംബിച്ചെന്ന് കഴിഞ്ഞദിവസം നടി മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയിരുന്നു. പരാതി നല്‍കിയതിന് പിന്നാലെ നടിയുടെ ആലുവയിലെ വീട്ടിലെത്തി പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു.