മുകേഷ് എംഎല്‍എ സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സിപിഎം

ലൈംഗിക ആരോപണങ്ങളില്‍ എംഎല്‍എ സ്ഥാനം രാജിവച്ച കീഴ്‌വഴക്കമില്ലെന്നാണ് ഇന്നു ചേര്‍ന്ന സംസ്ഥാന സമിതി വിലയിരുത്തിയത്

തിരുവനന്തപുരം: ലൈംഗിക അതിക്രമ കേസില്‍ പ്രതിയായ നടന്‍ എം മുകേഷ് എംഎല്‍എ രാജി വയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ തീരുമാനം. ലൈംഗിക ആരോപണങ്ങളില്‍ എംഎല്‍എ സ്ഥാനം രാജിവച്ച കീഴ്‌വഴക്കമില്ലെന്നാണ് ഇന്നു ചേര്‍ന്ന സംസ്ഥാന സമിതി വിലയിരുത്തിയത്. രാജി ആവശ്യമേ ഉദിക്കുന്നില്ലെന്ന് പാര്‍ട്ടി നേതൃയോഗം വ്യക്തമാക്കി.

ഇപി ജയരാജനെ ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കാനുള്ള സെക്രട്ടേറിയറ്റ് തീരുമാനത്തിന് സംസ്ഥാന സമിതി അംഗീകാരം നല്‍കി. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ജയരാജനെ നീക്കാന്‍ തീരുമാനിച്ചത്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇപി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ചയത് വന്‍ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പാര്‍ട്ടി നടപടി.

മുകേഷ് രാജി വയ്ക്കേണ്ട ആവശ്യമില്ലെന്നാണു എൽഡിഎഫ് കൺവീനറായിരിക്കെ ഇ.പി പറഞ്ഞതും. ‘‘സിനിമാ വ്യവസായത്തെ സംരക്ഷിക്കാൻ കേരള സർക്കാർ ഫലപ്രദമായ നിലപാടുകളാണു സ്വീകരിച്ചത്. ഇപ്പോഴത്തെ വിവാദത്തിൽ മുകേഷ് രാജി വയ്ക്കേണ്ടതില്ല. മുൻപു കേരളത്തിലെ 2 എംഎൽഎമാർക്കെതിരെ ഇതിലും വലിയ പീഡന കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. അവർ ഇതുവരെയും രാജി വച്ചിട്ടില്ല. മറ്റ് 2 എംഎൽഎമാർ രാജിവച്ചാൽ മുകേഷും രാജിവയ്ക്കും’’ എന്നായിരുന്നു ഇ.പിയുടെ വാക്കുകൾ. മുകേഷിനെ സംരക്ഷിക്കാൻ ഇ.പിയെ പക്ഷേ പാർട്ടി കുരുതി കൊടുത്തെന്നാണു പ്രതിപക്ഷത്തിന്റെ വിമർശനം.

Related Articles
Next Story