കോടതി ഉത്തരവിന് പിന്നാലെ സിദ്ദിഖ് പുറത്തേക്ക്; ഉടൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും
കൊച്ചി: നടൻ സിദ്ദിഖ് പ്രത്യേകാന്വേഷണ സംഘത്തിനുമുന്നിൽ ഉടൻ ഹാജരാകുമെന്ന് സിദ്ദിഖിന്റെ അഭിഭാഷകനായ രാമൻപിള്ള. സുപ്രീംകോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചാലുടൻ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അഭിഭാഷകൻ പ്രതികരിച്ചു. തിരുവനന്തപുരത്തുവെച്ച് പ്രത്യേകാന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് സാധ്യത.
സാധാരണ അന്വേഷണസംഘം നിശ്ചിത തീയതിയിൽ നോട്ടീസ് നൽകി വിളിപ്പിക്കുകയാണ് ചെയ്യുക. ഇവിടെ അത്തരമൊരു നോട്ടീസ് ലഭിക്കുന്നതിനുവേണ്ടി സിദ്ദിഖ് കാത്തിരിക്കുമോ, അതോ അതിന് മുന്നെ അന്വേഷണ സംഘത്തിന് മുന്നിൽ സ്വമേധയാ ഹാജരാകുമോ എന്നുള്ള കാര്യങ്ങൾ വ്യക്തമല്ല.
ഹൈക്കോടതി സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സിദ്ദിഖ് ഒളിവിൽ പോയിരുന്നു. എന്നാൽ, സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുമെന്നും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് നീക്കമെന്നുമാണ് അഭിഭാഷകൻ വ്യക്തമാക്കുന്നത്.
ബോധപൂർവം സിദ്ദിഖിനെ കണ്ടെത്താനുള്ള ശ്രമം പ്രത്യേകാന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് ഉയരുന്ന ആരോപണം. കഴിഞ്ഞ ഏഴ് ദിവസങ്ങളായി കാണാമറയത്താണ് സിദ്ദിഖ്.