മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; സിദ്ദിഖിനെ വിട്ടയച്ചു

ബലാത്സംഗ കേസിൽ ഇന്ന് വിശദമായ ചോദ്യം ചെയ്യൽ നടന്നിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖിനെ പ്രാഥമിക വിവരശേഖരണത്തിന് ശേഷം വിട്ടയച്ചു. മൂന്ന് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലാണ് അല്പസമയം മുൻപ് പൂർത്തിയായത്. മാധ്യമങ്ങളോട് പ്രതികരിക്കാതെ സിദ്ദിഖ് മടങ്ങുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യൽ അല്ല പകരം പ്രാഥമികമായ വിവരശേഖരണമാണ് നടക്കുന്നതെന്നും അതിന് ശേഷം അദ്ദേഹത്തെ വിട്ടയക്കുമെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചില രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സിദ്ദിഖ് ഹാജരാക്കിയില്ല. അക്കാര്യങ്ങള്‍ ചോദിച്ചതല്ലാതെ മൊഴിയെടുപ്പിലേക്ക് കടന്നിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിശദീകരണം. ഈ മാസം 12 ശനിയാഴ്ച വീണ്ടും ഹാജരാകാനും സിദ്ദിഖിന് നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം കമ്മീഷണർ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്.

തിരുവനന്തപുരത്തെ കമ്മീഷ്ണർ ഓഫീസിലാണ് ആദ്യം ചോദ്യം ചെയ്യലിനായി സിദ്ദിഖ് എത്തിയിരുന്നത്. എന്നാൽ ഹാജരാകാൻ നിർദേശിച്ചിരുന്നത് കന്റോൺമെന്റ് സെന്ററിൽ ആയിരുന്നു. തുടർന്ന് അദ്ദേഹത്തെ സെന്ററിലേക്ക് മാറ്റി. ഇവിടെ SIT യിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവർ ഉണ്ടായിരുന്നു.ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് സിദ്ദിഖ് അന്വേഷണ സംഘത്തിന് കത്തയച്ചിരുന്നു. അന്വേഷണവുമായി പൂർണമായി സഹകരിക്കും എന്നായിരുന്നു സിദ്ദിഖിന്റെ നിലപാട്. അറസ്റ്റ് പാടില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന് മുന്നിൽ സിദ്ദിഖ് ഹാജരാകാൻ തീരുമാനിച്ചത്.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് സിദ്ദിഖിനെതിരെയുള്ള കേസ്.ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സിദ്ദിഖിനെതിരെയുള്ള പരാതികൾ വീണ്ടും ഉയർന്നത്.

Related Articles
Next Story