പാലക്കാട് കോൺ​ഗ്രസ് വിയർക്കുമോ ? സരിനു പിന്നാലെ പാർട്ടി വിട്ട ഷാനിബും പാലക്കാട് മത്സരിക്കും

സരിനു പിന്നാലെ കോൺഗ്രസ് വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ. ഷാനിബും പാലക്കാട് മത്സരിക്കും. വി.ഡി. സതീശന്റേയും ഷാഫി പറമ്പിലിന്റേയും ഏകാധിപത്യ നിലപാടുകൾക്കെതിരെയാണ് തന്റെ മത്സരമെന്നാണ് ഷാനിബ് പറയുന്നത്. കൂടുതൽ കാര്യങ്ങൾ രാവിലെ 10.45 ന് വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ ഷാനിബിനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഇതോടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ട് കോൺഗ്രസുകാർ തന്നെ മത്സരത്തിനിറങ്ങുന്നത് കോൺഗ്രസിനു തലവേദനയാവുകയാണ്. ഷാനിബും സരിനും പാലക്കാട് ജില്ലക്കാരുമാണ്. കോൺ​ഗ്രസിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് ഷാനിബ് പാർട്ടി വിട്ടത്.

പാലക്കാട് - വടകര- ആറന്മുള കരാർ കോൺഗ്രസും ആർഎസ്എസും തമ്മിലുണ്ടെന്നും ഈ കരാറിന്റെ രക്തസാക്ഷിയാണ് മുരളീധരൻ എന്നുമായിരുന്നു ഷാനിബിന്റെ ആരോപണം. കരാറിന്റെ ഭാഗമായാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നത്. ആറന്മുളയിൽ അടുത്ത തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കും. തുടർ ഭരണം സിപിഎം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്നും ഷാനിബ് ആരോപിച്ചിരുന്നു.

സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും സരിനു വേണ്ടി രംഗത്തിറങ്ങുമെന്നും പറഞ്ഞ ഷാനിബ് അപ്രതീക്ഷിതമായി മത്സരരംഗത്ത് ഇറങ്ങുന്നതിനു പിന്നിലെ കാരണം രാവിലത്തെ വാർ‌ത്താസമ്മേളനത്തിലെ വ്യക്തമാകൂ.

Related Articles
Next Story