കോഴിക്കോട്ട് ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത് അരമണിക്കൂറോളം; രണ്ടുരോഗികള്‍ മരിച്ചു

ഗതാഗതക്കുരുക്ക് ഒരുവിധം കടന്ന് രണ്ടുരോഗികളെയും ഫറോക്കിലെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് രണ്ട് രോഗികള്‍ മരിച്ചു. രാമനാട്ടുകര കാക്കഞ്ചേരി ഭാഗത്ത് കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. അരമണിക്കൂറോളമാണ് രോഗികളുമായി പോകുകയായിരുന്ന ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടത്.

ഒരു സ്ത്രീയും ഒരു പുരുഷനുമാണ് മരിച്ചത്. എടരിക്കോട് സ്വദേശി സുലൈഖ (54)യാണ് മരിച്ച ഒരാള്‍. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട്ടെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. വള്ളിക്കുന്ന് സ്വദേശി ഷജില്‍ കുമാറാണ് മരിച്ച രണ്ടാമത്തെയാള്‍. ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ഗതാഗതക്കുരുക്ക് ഒരുവിധം കടന്ന് രണ്ടുരോഗികളെയും ഫറോക്കിലെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പേഴേക്കും ഇരുവരും മരിച്ചിരുന്നു. അഞ്ചോ പത്തോ മിനിറ്റെങ്കിലും മുമ്പേ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു.

Related Articles
Next Story