അർജുന് അന്ത്യാഞ്ജലി അർപ്പിക്കാൻ ജനപ്രവാഹം

കോഴിക്കോട്: ‌അർജുന് അന്ത്യഞ്ജലി അർപ്പിക്കാൻ കണ്ണാടിക്കലിലേക്ക് ഒഴുകിയെത്തുന്നത് നൂറു കണക്കിനാളുകൾ. വീട്ടിനുള്ളിൽ കുടുംബം അർജുന് അന്ത്യാഞ്ജലി അർപ്പിച്ചശേഷം മൃതദേഹം മുറ്റത്തെ പന്തലിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. ഒരു കിലോമീറ്ററോളം നീളത്തിലാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവരുടെ വരി. സംസ്കാരം അൽപസമയനത്തിനകം വീട്ടുവളപ്പിൽ നടക്കും.

കഴിഞ്ഞ രാത്രി മുതൽ കണ്ണാടിക്കൽ നിവാസികൾ അർജുന്റെ മൃതദേഹം എത്തുന്നതിനായി ഉറക്കമൊഴിച്ച് കാത്തിരിക്കുകയായിരുന്നു. പുലർച്ചെ മുതൽ കണ്ണാടിക്കൽ അങ്ങാടിയിൽ ആളുകൾ കാത്തുനിന്നു. എട്ട് മണിയോടെ മൃതദേഹം എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും രാവിലെ 6 മുതൽ തന്നെ ആളുകൾ കവലയിൽ എത്തിയിരുന്നു. 8.15ന് മൃതദേഹം കണ്ണാടിക്കൽ എത്തിയപ്പോഴേക്കും നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. തുടർന്ന് ആംബുലൻസിന് പിന്നാലെ ആളുകൾ വിലാപയാത്രയായി കണ്ണാടിക്കലിലെ വീട്ടിലേക്ക് നടന്നു.

വീടിന് സമീപത്തെത്തിയപ്പോൾ പൊലീസിന് ആളുകളെ നിയന്ത്രിക്കേണ്ടി വന്നു. തുടർന്ന് കുറച്ച് ആളുകളെ മാത്രമായി കടത്തിവിടാൻ തുടങ്ങി. വീടും പരിസരവുമെല്ലാം ഇതിനകം തന്നെ ആളുകൾ തിങ്ങി നിറഞ്ഞു. നാട്ടുകാരുടെ പ്രിയപ്പെട്ട അർജുന്റെ മൃതദേഹം ഒരു നോക്കുകാണാനുള്ള ആഗ്രഹത്തോടെ രാവിലെ മുതൽ കാത്തുനിൽക്കുകയായിരുന്നു അവർ. ഒൻപതരയോടൊണ് വീട്ടിൽ പൊതുദർശനം ആരംഭിച്ചത്. മന്ത്രി എ.െക.ശശീന്ദ്രൻ, എം.കെ.രാഘവൻ എംപി, ഷാഫി പറമ്പിൽ എംപി, കാർവാർ എംഎൽഎ സതീഷ് സെയിൽ, എംഎൽഎമാരായ കെ.കെ.രമ, സച്ചിൻദേവ്, ലിന്റോ ജോസഫ്, തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ തുടങ്ങിയവർ വിലാപയാത്രയെ അനുഗമിച്ചു.അർജുന് അന്ത്യാഞ്ജലി അർപ്പിക്കാൻ ജനപ്രവാഹം

Related Articles
Next Story