ലോറി കരയിലെത്തിച്ചു; ക്യാബിനുള്ളിൽ അർജുന്റെ വസ്ത്രങ്ങളും

അർജുൻ്റെ ലോറി ദേശീയപാതയിലേക്ക് ഉയർത്തി ക്യാമ്പിൽ ഭാഗം വിശദമായി പരിശോധിക്കും

ബെംഗളൂരു: ഷിരൂരില്‍ അർജുന്‍റെ ലോറി ഗംഗാവലി പുഴയിൽ നിന്ന് പൂർണമായി കരയിലേക്ക് കയറ്റി. ക്രയിനിൽ ഇരുമ്പുവടം ഉപയോഗിച്ചാണ് ലോറി മുകളിലേക്ക് ഉയർത്തിയത്. ലോറിയിൽ നിന്ന് അർജുന്റെ വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. അർജുൻ്റെ ലോറി ദേശീയപാതയിലേക്ക് ഉയർത്തി ക്യാമ്പിൽ ഭാഗം വിശദമായി പരിശോധിക്കും. ഹാൻഡ് ബ്രേക്കിൽ ആയതിനാൽ ലോറിയുടെ ബാക്ക് ടയറുകൾ ചലിക്കുന്ന അവസ്ഥയിലല്ല.


ലോറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്‍റെ ഡിഎൻഎ പരിശോധനാ ഫലം ഇന്ന് തന്നെ ലഭ്യമാക്കാനാണ് ശ്രമം.ആദ്യം ഡി. എൻ. എ ടെസ്റ്റ് വേണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. മൃതദേഹം അർജുന്‍റേതെന്ന് സ്ഥിരീകരിച്ചാൽ ഉടൻ കുടുംബത്തിന് കൈമാറും. മൃതദേഹം കാർവാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ. അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ ചിലവുകളും സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

72 ദിവസത്തെ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തുന്നത്. പോയിന്റ് CP2 വിൽ നിന്നാണ് ലോറി കണ്ടെത്തിയത്. ലോറിയുടെ മുൻഭാഗം അടങ്ങിയ ക്യാബിനാണ് വെള്ളത്തിനടിയിൽനിന്ന് ലഭിച്ചത്. ജൂലൈ പതിനാറാം തീയതിയായിരുന്നു ദേശീയപാത 66-ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു. കാര്‍വാര്‍ – കുംട്ട റൂട്ടില്‍ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള്‍ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്. അപകടസമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികള്‍ ഗാംഗാവല്ലി നദിയിലേക്കു തെറിച്ചുവീണു ഒഴുകിയിരുന്നു. അപകടത്തിന്റെ വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് മരം കയറ്റി വരികയായിരുന്ന അര്‍ജുന്റെ ലോറിയും മണ്ണിനടിയിലാണെന്ന വിവരം കുടുബം അറിഞ്ഞത്.

Related Articles
Next Story