നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം; പുറത്താക്കിയത് വിശദീകരണം തേടാതെയെന്ന് അധ്യാപകന്‍
കണ്ണൂർ: എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് എൽ.എൽ.ബി. പരീക്ഷയ്ക്ക് ചോദ്യം തയ്യാറാക്കിയ അധ്യാപകനെ ജോലിയിൽനിന്ന് ഒഴിവാക്കിയത് വിശദീകരണംപോലും തേടാതെയെന്ന് പരാതി. മഞ്ചേശ്വരം കാംപസിലെ നിയമപഠനവകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന അസി. പ്രൊഫസര്‍ ഷെറിൻ സി.അബ്രഹാമിനെയാണ് നീക്കിയത്. യു.ജി.സി. നെറ്റ് യോഗ്യതയുള്ളവരെ നിയമിക്കുന്നതിന്റെ ഭാഗമായി ഒഴിവാക്കുകയാണെന്നാണ് സര്‍വകലാശാല അധികൃതർ പറയുന്നത്.
28-ന് നടന്ന മൂന്നാം സെമസ്റ്റർ ‘ഹ്യൂമൻ റൈറ്റ്സ് ലോ ആൻഡ് പ്രാക്റ്റീസ്’ എന്ന ഇന്റേണൽ പരീക്ഷാ ചോദ്യപേപ്പറിലായിരുന്നു ചോദ്യം. എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാപ്രേരണാകുറ്റത്തിന് പ്രതിയായ നേതാവിന്റെ മുൻകൂർജാമ്യഹർജി കോടതി മുൻപാകെയാണ്. ഈ വിഷയത്തിലെ മനുഷ്യാവകാശ പ്രശ്നം ചൂണ്ടിക്കാട്ടുക.’ -ഇതായിരുന്നു ചോദ്യം.
രണ്ടുവർഷമായി ജോലി ചെയ്യുന്ന തന്നെ നേരിട്ട് വിശദീകരണം തേടാതെയാണ് പുറത്താക്കിയതെന്ന് ഷെറിൻ പറഞ്ഞു. 'നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ക്യാമ്പസ് ഡയറക്ടർ ഷീന ഷുക്കൂറിനെയും, സർവകലാശാല ഇടതുപക്ഷ അധികാര ലോബിയെയും വളരെയധികം അസ്വസ്ഥപ്പെടുത്തുന്നു എന്നതിന്റെ തെളിവാണിത്. അധ്യാപകനെ പുറത്താക്കിയത് പ്രതിഷേധകരമാണ് . കേരളത്തിലെ അക്കാദമിക് സമൂഹം പുറത്താക്കപ്പെട്ട അധ്യാപകന്റെ കൂടെയാണെന്നും സർവകലാശാല വൈസ് ചാന്‍സ്‌ലറെ സെനറ്റേഴ്സ് ഫോറം അറിയിച്ചിട്ടുണ്ട്' - കൺവീനർ ഡോ. ഷിനോ പി ജോസ് അറിയിച്ചു.