നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി; കൊച്ചി കപ്പല്‍ശാലയില്‍ എന്‍ഐഎ സംഘത്തിന്റെ പരിശോധന

പ്രതിരോധ കപ്പലുകളുടെ വിവരങ്ങള്‍ ജീവനക്കാരനില്‍ നിന്നും ചോര്‍ന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ എന്‍ഐഎ സംഘത്തിന്റെ പരിശോധന. കപ്പല്‍ ശാലയിലെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയെന്ന സൂചനയെത്തുടര്‍ന്നാണ് നടപടി. ഹൈദരാബാദ് എന്‍ഐഎ യൂണിറ്റാണ് പരിശോധന നടത്തുന്നത്.

പ്രതിരോധ കപ്പലുകളുടെ വിവരങ്ങള്‍ ജീവനക്കാരനില്‍ നിന്നും ചോര്‍ന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. 2023 മാര്‍ച്ച് 1 മുതല്‍ ഡിസംബര്‍ പത്ത് വരെയുള്ള കാലയളവില്‍ എയ്ജല്‍ പായല്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലേക്ക് പ്രതിരോധ കപ്പലുകളുടെ അകത്തെ ദൃശ്യങ്ങള്‍ അടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ കൈമാറിയെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.

രണ്ട് വര്‍ഷം മുമ്പ് ഒരു അഫ്ഗാൻ പൗരൻ അസം സ്വദേശിയെന്ന വ്യാജേനെ കൊച്ചി കപ്പൽശാലയിൽ ജോലി ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇയാൾ പ്രതിരോധ വിവരങ്ങൾ മറ്റ് രാജ്യങ്ങൾക്ക് കൈമാറിയെന്നാണ് സംശയിക്കപ്പെടുന്നത്. സംസ്ഥാന പൊലീസാണ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിയെ ഏൽപ്പിക്കാൻ ശുപാ‍ര്‍ശ ചെയ്തത്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. ഈ കേസുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഒരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് കപ്പല്‍ശാലയിലെ കരാര്‍ തൊഴിലാളി ശ്രീനിഷ് പൂക്കോടിനെ 2023 ഡിസംബറില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related Articles
Next Story