പ്രകാശ് കാരാട്ട് സിപിഎം കോ–ഓർഡിനേറ്റർ; താൽക്കാലിക ചുമതല പാർട്ടി കോൺഗ്രസ് കഴിയുന്നതു വരെ

ന്യൂഡൽഹി∙ സിപിഎം പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോ– ഓർഡിനേറ്റർ ചുമതല താൽക്കാലികമായി മുതിർന്ന നേതാവ് പ്രകാശ് കാരാട്ടിന് നൽകാൻ തീരുമാനം. കേന്ദ്ര കമ്മിറ്റിയാണ് തീരുമാനമെടുത്തത്.

സിപിഎമ്മിന്റെ 24–ാം പാർട്ടി കോൺഗ്രസ് വരെ പിബിയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോ ഓർഡിനേറ്ററായി കാരാട്ട് തുടരുമെന്ന് പാർട്ടി വാർത്താക്കുറിപ്പിൽ അറിയിച്ചു. പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യച്ചൂരി അന്തരിച്ചതിനെ തുടർന്നാണ് കാരാട്ടിന് താൽക്കാലിക ചുമതല നൽകുന്നത്. അടുത്ത വർഷം മധുരയിലാണ് പാർട്ടി കോൺഗ്രസ്.

നിലവിൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ പ്രകാശ് കാരാട്ട്, 2005 മുതൽ 2015 വരെ സിപിഎം ജനറൽ സെക്രട്ടറിയായിരുന്നു. 2005 ഏപ്രിൽ 11നാണ് ജനറൽ സെക്രട്ടറിയായി ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. 2008 ഏപ്രിൽ 3ന്‌ കോയമ്പത്തൂരിൽ വച്ച് നടന്ന പാർട്ടി കോൺഗ്രസിലും, 2012 ഏപ്രിൽ 9നു കോഴിക്കോട് വച്ച് നടന്ന പാർട്ടി കോൺഗ്രസിലും പ്രകാശ് കാരാട്ടിനെ വീണ്ടും ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 2015ൽ പ്രകാശ് കാരാട്ടിനു പിൻഗാമിയായാണ് സീതാറാ യച്ചൂരി സിപിഎം ജനറൽ സെക്രട്ടറിയാകുന്നത്. ഭാര്യ വൃന്ദാ കാരാട്ട് സിപിഎം പിബി അംഗമാണ്.

Related Articles
Next Story