ആഭ്യന്തരവകുപ്പിനെ തൊട്ടുകളിച്ചു ; അൻവറിനെ പാർട്ടി കൈവിട്ടു: വെട്ടിലായി പിന്തുണച്ച നേതാക്കൾ


എഡിജിപിക്കെതിരെ പി.വി.അൻവർ ആരോപണങ്ങളുയർത്തിയപ്പോൾ, ഗൗരവമുള്ളതെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളുടെ പ്രതികരണം. എന്നാൽ, അത് ആഭ്യന്തരവകുപ്പിനെ കടന്നാക്രമിക്കാനുള്ള ലൈസൻസായി അൻവർ കണ്ടതോടെയാണു പാർട്ടി പരസ്യമായി തള്ളിപ്പറഞ്ഞത്. അതിരുവിട്ടാൽ അൻവറിനെ കൈവിടേണ്ടി വരുമെന്ന സൂചന, അദ്ദേഹത്തിന്റെ പരാതി ചർച്ച ചെയ്ത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽത്തന്നെ മുഖ്യമന്ത്രി നൽകിയതാണ്.

മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടിതല കൂടിയാലോചനകളുടെ കൂടി അടിസ്ഥാനത്തിലാണ്. പൊലീസിൽ പുഴുക്കുത്തുകളുണ്ടെന്നു പാർട്ടിയും സമ്മതിക്കുന്നു. സർക്കാരിനെയും പൊലീസിനെയും രണ്ടായിക്കാണുന്ന സമീപനമാണു എം.വി.ഗോവിന്ദന്റേത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയെ, പൊലീസിന്റെ കൊള്ളരുതായ്മയുടെ പേരിൽ വിചാരണ ചെയ്യുന്നതിനെ അദ്ദേഹം എതിർക്കുന്നുമില്ല. എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫിസിനും സംസ്ഥാന സമിതി അംഗത്തിനും എതിരായ ആക്രമണം സർക്കാരിനും പാർട്ടിക്കും ഒരുപോലെ ദോഷം ചെയ്യുമെന്നു വിലയിരുത്തിയാണു സിപിഎം അൻവറിനെതിരെ പരസ്യ നിലപാട് സ്വീകരിച്ചത്.

അൻവറിനോടു മൃദുസമീപനം പുലർത്തുന്ന പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനെത്തന്നെ ഇക്കാര്യം വിശദീകരിക്കാൻ നിയോഗിച്ചതും യാദൃച്ഛികമല്ല. എ‍ഡിജിപിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ചിലതെങ്കിലും ശരിയെന്ന് ഒരു പരിധിവരെ പാർട്ടിയെ ബോധ്യപ്പെടുത്താൻ അൻവറിനു കഴിഞ്ഞിരുന്നു. എന്നാൽ, ശശിയുടെ കാര്യത്തിൽ അങ്ങനെയുണ്ടായില്ല. ശശിക്കെതിരെ ആദ്യം പരാതി നൽകാത്ത അൻവർ, പിന്നീട് അതിനു തുനിഞ്ഞപ്പോൾ ഉദ്ദേശ്യശുദ്ധിയും സംശയനിഴലിലായാതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു

എന്നാൽ, പാർട്ടി നേതാക്കൾ ആദ്യം എടുത്ത നിലപാടു വിശ്വസിച്ച് അൻവറിനു പിന്നിൽ അണിനിരന്ന സിപിഎം പ്രവർത്തകർ പിന്നീടു വെട്ടിലായി. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയുള്ള ആരോപണത്തോടെ അൻവറിനെ പാർട്ടി കൈവിട്ടെങ്കിലും ഇവർ ആശയക്കുഴപ്പത്തിലാണ്.

അൻവറിനെ പരസ്യമായി താക്കീത് ചെയ്തുകൊണ്ടുള്ള സിപിഎം സെക്രട്ടേറിയറ്റിന്റെ വാർത്താക്കുറിപ്പ് പോസ്റ്റ് ചെയ്ത സിപിഎമ്മിന്റെ ഔദ്യോഗിക പേജിൽ ‘അൻവർ പറഞ്ഞതിൽ എന്താണു തെറ്റ്’ എന്ന ചോദ്യത്തോടെ പിന്തുണച്ചുള്ള കമന്റുകൾ ധാരാളമുണ്ട്. നേരത്തേ അൻവറിനു പിന്തുണ പ്രഖ്യാപിച്ച യു.പ്രതിഭ എംഎൽഎ, തന്റേത് ആജീവനാന്ത പിന്തുണയെന്നു പ്രതികരിക്കുകയും ചെയ്തു.



അൻവറിനെ തള്ളിയ നിലപാട് ഏറ്റുപിടിക്കാൻ സെക്രട്ടേറിയറ്റ് അംഗങ്ങളായ മന്ത്രിമാർ പോലും തയാറായിട്ടില്ല. മന്ത്രി വി.ശിവൻകുട്ടി, പി.കെ.ശ്രീമതി തുടങ്ങിയവരിൽ ഒതുങ്ങി പിന്തുണ. അൻവറിന്റെ പിന്നിലുണ്ടെന്നു കരുതപ്പെട്ട പി.ജയരാജൻ, സെക്രട്ടേറിയറ്റിന്റെ പ്രസ്താവന പങ്കുവയ്ക്കാൻ നിർബന്ധിതനാവുകയും ചെയ്തു.


Related Articles
Next Story