ആറുവയസുകാരി വീടിനുള്ളില്‍ മരിച്ചനിലയില്‍

രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു

കൊച്ചി: കോതമംഗലത്ത് ആറുവയസുകാരിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യു പി സ്വദേശി അജാസ് ഖാന്റെ മകളാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപമാണ് സംഭവം.

ഉത്തര്‍പ്രദേശ് സ്വദേശികളായ ദമ്പതികള്‍ക്ക് രണ്ടു കുട്ടികളാണുള്ളത്. ഒരു കൈക്കുഞ്ഞും ആറുവയസുകാരിയായ മകളും. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ല. തുടര്‍ന്ന് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു.

എന്താണ് മരണകാരണമെന്ന് വ്യക്തമായിട്ടില്ല. ഇന്നലെ രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ അച്ഛനും അമ്മയും ഒരു മുറിയിലും. കൈക്കുഞ്ഞും ആറു വയസുകാരിയും മറ്റൊരു മുറിയിലുമായിരുന്നുവെന്നാണ് മാതാപിതാക്കള്‍ നല്‍കിയ മൊഴിയെന്ന് പൊലീസ് പറയുന്നു. കോതമംഗലം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മരണകാരണം വ്യക്തമാകും എന്ന പ്രതീക്ഷയിലാണ് പൊലീസ്.

Related Articles
Next Story