കേരളത്തിൽ അഞ്ചുദിവസം അതിതീവ്ര മഴയ്‌ക്ക് സാധ്യത; റെഡ് അലെർട്ട്; മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം !

കേരളത്തിൽ അടുത്ത അഞ്ചു ദിവസം അതിതീവ്ര മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് റെഡ് അലെർട്ട് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

കുറഞ്ഞ സമയം കൊണ്ട് വലിയ അളവിൽ മഴ ലഭിച്ചേക്കും. മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായേക്കാം. മലയോര മേഖലകളിൽ കർശന ജാഗ്രതാ നിർദേശമുണ്ട്.

ശബരിമലയിൽ ശനിയാഴ്ച വൈകിട്ട് തുടങ്ങിയ മഴയ്ക്കു നേരിയ ശമനമുണ്ട്. പമ്പയിൽ ഇറങ്ങുന്നതിനു നിരോധനം ഏർപ്പെടുത്തി. കോട്ടയം, വയനാട്, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. മധ്യ തെക്കൻ കേരളത്തിലെ മലയോരമേഖകളിൽ ജാഗ്രത വേണം. ഇടിമിന്നലോടു കൂടിയായിരിക്കും മഴ പെയ്യുക. കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ വാഗമൺ, ഇല്ലിക്കൽ കല്ല്, മാർമല അരുവി, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം ഈ മാസം നാലുവരെ നിരോധിച്ചു.

Related Articles
Next Story