സ്വവര്‍ഗാനുരാഗികളുടെ ഡേറ്റിങ് ആപ്പ് വഴി കെണി, പണം തട്ടി; 70 പേരെ പിടികൂടി തമിഴ്‌നാട് പോലീസ്
ചെന്നൈ: സ്വവര്‍ഗാനുരാഗികള്‍ക്ക് പങ്കാളികളെ കണ്ടെത്താന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ച് കെണിയൊരുക്കി പണംകവര്‍ന്ന കേസുകളില്‍ 70 പേരെ തമിഴ്നാട് പോലീസ് അറസ്റ്റുചെയ്തു. തമിഴ്നാടിന്റെ നാല് തെക്കന്‍ ജില്ലകളില്‍നിന്ന് ലഭിച്ച 22 പരാതികളില്‍ നടത്തിയ അന്വേഷണത്തിലാണ് തിരുനെല്‍വേലി പോലീസിന്റെ അറസ്റ്റ്.
എല്‍.ജി.ബി.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പങ്കാളികളെ കണ്ടെത്താന്‍ സഹായിക്കുന്ന ഗ്രിന്‍ഡര്‍ ആപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ലോകമെങ്ങും സ്വവര്‍ഗാനുരാഗികളായ പുരുഷന്‍മാര്‍ക്കിടയില്‍ നല്ല പ്രചാരമുള്ള ആപ്പാണ് ഇത്. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്ന യുവാക്കളെ കണ്ടെത്തി പരിചയംസ്ഥാപിച്ച് വിവരങ്ങള്‍ ശേഖരിച്ചശേഷം പണവും വിലപിടിച്ചവസ്തുക്കളും കവരുകയാണ് തട്ടിപ്പിന്റെരീതി. തിരുനെല്‍വേലി, തെങ്കാശി, തൂത്തുക്കുടി, കന്യാകുമാരി ജില്ലകളില്‍നിന്നുള്ളവരാണ് തട്ടിപ്പിന് ഇരയായത്.
ഗ്രിന്‍ഡര്‍ പോലുള്ള ആപ്ലിക്കേഷനുകള്‍ വന്‍തോതില്‍ തട്ടിപ്പിന് ആയുധമാക്കുന്നുണ്ടെന്നും അവ വിലക്കുന്നകാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്നും മദ്രാസ് ഹൈക്കോടതി കഴിഞ്ഞമാസം നിര്‍ദേശിച്ചിരുന്നു. സ്വവര്‍ഗാനുരാഗം പ്രോത്സാഹിപ്പിക്കുന്നു എന്നതുകൊണ്ടല്ല, കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നതുകൊണ്ടാണ് ഈ നിര്‍ദേശം പുറപ്പെടുവിക്കുന്നതെന്നും ജസ്റ്റിസ് ഡി. ഭരത ചക്രവര്‍ത്തി വ്യക്തമാക്കിയിരുന്നു. ഈ ആപ്പുവഴി പരിചയപ്പെട്ടയാളെ ലൈംഗികമായി ചൂഷണം ചെയ്ത് 1.15 ലക്ഷം രൂപ തട്ടിയതിന് അറസ്റ്റിലായയാളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി ഈ അഭിപ്രായം പ്രകടിപ്പിച്ചത്.