ഡോ.വന്ദനാദാസ് കൊലക്കേസ്; സാക്ഷിവിസ്താരം ഫെബ്രുവരി 12 മുതല്‍
ഒന്നാംഘട്ട വിചാരണയില്‍ ആദ്യ 50 സാക്ഷികളെയാണ് വിസ്തരിക്കുന്നത്
കൊല്ലം: ഡോ. വന്ദനാദാസ് വധക്കേസിലെ സാക്ഷിവിസ്താരം ഫെബ്രുവരി 12-ന് ആരംഭിക്കും. ഒന്നാംഘട്ട വിചാരണയില്‍ ആദ്യ 50 സാക്ഷികളെയാണ് വിസ്തരിക്കുന്നത്.
കൊട്ടാരക്കര ഗവ. ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തിലെ ഡ്യൂട്ടിക്കിടെയാണ് വന്ദന കൊല്ലപ്പെട്ടത്. 2023 മേയ് 10-ന് രാവിലെ അഞ്ചിനായിരുന്നു സംഭവം. കാലിലേറ്റ മുറിവ് ചികിത്സിക്കാന്‍ പൂയപ്പള്ളി പോലീസ് കൊണ്ടുവന്ന പ്രതി സന്ദീപ് വന്ദനാദാസിനെ സര്‍ജിക്കല്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ആ സമയം കൂടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. മുഹമ്മദ് ഷിബിനെയാണ് ആദ്യ ദിവസം വിസ്തരിക്കുന്നത്. സംഭവത്തില്‍ പരിക്കുപറ്റിയവരെയും ദൃക്സാക്ഷികള്‍ ഉള്‍പ്പെടെയുള്ളവരെയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിസ്തരിക്കും. മാര്‍ച്ച് അഞ്ചുവരെയാണ് വിചാരണ തീയതികള്‍ ക്രമപ്പെടുത്തിയിട്ടുള്ളത്. 34 ഡോക്ടര്‍മാരാണ് സാക്ഷിപ്പട്ടികയിലുള്ളത്. കേരളത്തില്‍ നടന്ന കൊലപാതക കേസുകളില്‍ ഏറ്റവും അധികം ഡോക്ടര്‍മാര്‍ പ്രോസിക്യൂഷന്‍ സാക്ഷികളാകുന്നുവെന്ന പ്രത്യേകതയും കേസിനുണ്ട്.
മുന്‍പ് കേസ് വിചാരണക്കായി തീയതി നിശ്ചയിച്ച സമയത്താണ് പ്രതി ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചത്. തുടര്‍ന്ന് സുപ്രീംകോടതിയുടെ നിര്‍ദേശാനുസരണം നടത്തിയ പ്രതിയുടെ മാനസികനില പരിശോധനയില്‍, ഇയാള്‍ക്ക് വിചാരണ നേരിടാന്‍ ബുദ്ധിമുട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. പ്രതിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്ന് സാക്ഷിവിസ്താരത്തിനായി കേസ് ലിസ്റ്റ് ചെയ്യുകയായിരുന്നു.
കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍.വിനോദ് മുമ്പാകെയാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പ്രതാപ് ജി.പടിക്കലിനൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.