ആത്മകഥാ വാര്‍ത്തയ്ക്ക് പിന്നില്‍ ഗൂഢാലോചന; സമഗ്ര അന്വേഷണം വേണം; ഡിജിപിക്ക് പരാതി നല്‍കി ഇപി ജയരാജന്‍

ആത്മകഥയില്‍ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ജയരാജന്റെ പരാതിയില്‍ പറയുന്നു

തിരുവനന്തപുരം: ആത്മകഥയുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് ഡിജിപിക്ക് പരാതി നല്‍കി ഇപി ജയരാജന്‍. ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ വാര്‍ത്തവന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആത്മകഥയില്‍ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ജയരാജന്റെ പരാതിയില്‍ പറയുന്നു.

24ന്യൂസ്, മലയാള മനോരമ തുടങ്ങിയ ചാനലുകള്‍ അനാവശ്യപ്രാധാന്യത്തോടെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആത്മകഥയുടെ പേര്, കവര്‍പേജ് ഇവയെക്കുറിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു. വ്യാജരേഖ, ഗൂഢാലോചന എന്നിവ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഡിസി ബുക്‌സിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ഇതിന് പിന്നില്‍ ആസൂത്രിതമായ ഗൂഢോലചനയാണ്. തെരഞ്ഞെടുപ്പ് ദിവസം തന്നെ തെരഞ്ഞെടുത്തത് ആസൂത്രിതമായാണ്. എന്റെ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഡിസി ബുക്‌സ്, മാതൃഭൂമി എന്നിവര്‍ ചോദിച്ചിരുന്നു. എല്ലാ പൂര്‍ത്തികരിച്ച് വായിച്ച ശേഷം പ്രിന്റിങിന് കൊടുക്കാനായിരുന്നു എന്റെ തീരുമാനം. ഞാന്‍ അതെല്ലാം തയ്യാറാക്കി ക്ലിയറായി എഴുതിയശേഷം പ്രിന്റിങിനായി ഒരാളെ ഏല്‍പ്പിക്കുകയും ചെയ്തു.

ഡിസിബുക്‌സിന് ആത്മകഥ പ്രസിദ്ധീകരിക്കക്കാന്‍ കൊടുത്തിട്ടില്ല. ഇത് പ്രസിദ്ധീകരിച്ചത് എങ്ങനെ?. പ്രസിദ്ധികരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അടിസ്ഥാനഹരിതമായ നിലയില്‍ വാര്‍ത്ത വന്നിരിക്കുകയാണ്. അതില്‍ സമഗ്ര അന്വേഷണം നടത്തണം. എന്റെ പുസ്തകം ഞാന്‍ അറിയാതെ എങ്ങനൊണ് പ്രസിദ്ധീകരിക്കുക?. തികച്ചും തെറ്റായ നിലപാടാണ് ഡിസി ബുക്‌സ് സ്വീകരിച്ചിട്ടുള്ളത്. എങ്ങനെയാണ് തന്റെ അനുവാദമില്ലാതെ എന്റെ ആത്മകഥ പ്രസിദ്ധികരിക്കുക. ഗുരുതരമായ തെറ്റാണ് അവര്‍ ചെയ്തത്. ശക്തമായ നടപടി സ്വീകരിക്കും.

പുസ്തകം പ്രസിദ്ധീകരിക്കാന്‍ ചിന്ത ബുക്‌സ് വന്നാല്‍ അവരുമായി ആലോചിക്കും. ആത്മകഥ എഴുതാന്‍ തുടങ്ങിയിട്ട് നാളെറെയായി. എഴുതിയ കാര്യങ്ങള്‍ കൊടുക്കുന്നു. അത് തയ്യാറാക്കി വരുന്നു. താന്‍ അത് ഏല്‍പ്പിച്ചത് വിശ്വസ്തനായ പത്രപ്രവര്‍ത്തകനെയാണ്. അദ്ദേഹത്തെയാണ് ഭാഷാശുദ്ധി വരുത്തി എഡിറ്റ് ചെയ്യാന്‍ ചുമതലപ്പെടുത്തിയത്. അദ്ദേഹത്തില്‍ നിന്ന് പുറത്തുപോകാന്‍ സാധ്യതയില്ല. ഇപ്പോള്‍ പുറത്ത് വന്നത് താന്‍ എഴുതാത്ത കാര്യങ്ങളാണ്. എന്നെ പരിഹസിക്കുന്ന ഭാഗം ഞാന്‍ തലക്കെട്ടായി കൊടുക്കുമോ?'. ജയരാജന്‍ ചോദിച്ചു.

Related Articles
Next Story