ആനയെഴുന്നള്ളിപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ; ഉത്സവം നടത്താനാകാത്ത സ്ഥിതിയെന്ന് സംഘാടകർ

തൃശ്ശൂര്‍: ആനയെഴുന്നള്ളിപ്പിനായി ഹൈക്കോടതി കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ നിരോധനത്തിനു തുല്യം. ഈ നിയന്ത്രണങ്ങള്‍ക്കുള്ളില്‍നിന്നുകൊണ്ട് ഉത്സവം നടത്താനാകാത്ത സ്ഥിതിയാണെന്ന് സംഘാടകര്‍ പറയുന്നു. നിയന്ത്രണത്തില്‍ അയവ് വരുത്തിയില്ലെങ്കില്‍ ആനയെഴുന്നള്ളിപ്പ് തീര്‍ത്തും ഇല്ലാതാകും.

നിലവിലെ നിയമങ്ങളും വിധികളും ഉത്തരവുകളും ചൂണ്ടിക്കാട്ടുകയും ഇവ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം നല്‍കുകയുമാണ് കോടതി ചെയ്തിരിക്കുന്നത്. ആനകള്‍ തമ്മില്‍ മതിയായ അകലം വേണമെന്നാണ് നാട്ടാനപരിപാലനനിയമം പറയുന്നത്. എന്നാലിത് മൂന്ന് മീറ്ററായിരിക്കണമെന്ന് നിശ്ചയിക്കുന്നതാണ് പുതിയ മാര്‍ഗനിര്‍ദേശം.

മൂന്ന് മീറ്റര്‍ അകലം പാലിക്കാനാകില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ ജില്ലാ മോണിറ്ററിങ് കമ്മിറ്റി എഴുന്നള്ളിപ്പിന് അനുമതി നല്‍കരുതെന്നും ഇതില്‍ പറയുന്നു. ഇതോടെ ജില്ലാതലസമിതിക്ക് തൃശ്ശൂര്‍ പൂരത്തിനുപോലും അനുമതി നല്‍കാനാകില്ല. മറ്റു ദൂരപരിധികളും ഈ രീതിയിലാണുണ്ടായത്. മതിയായ അകലം എന്നു മാത്രമാണ് നിയമത്തിലും മുന്‍ വിധികളിലും പറയുന്നത്.

നാലുമണിക്കൂറാണ് പഞ്ചാരിമേളത്തിന്റെ ഏറ്റവും കുറഞ്ഞ ദൈര്‍ഘ്യം. തുടര്‍ച്ചയായി മൂന്നുമണിക്കൂര്‍ വരെ മാത്രമേ ആനയെ എഴുന്നള്ളിക്കാവൂ എന്നാണ് പുതിയ നിര്‍ദേശം. ഇത് കൃത്യമായി പാലിക്കണമെങ്കില്‍ മേളത്തിനിടയ്ക്ക് ആനകളെ മാറ്റേണ്ടിവരും. പാണ്ടിമേളത്തിന്റെ സമയം നീണ്ടാലും ഇതുതന്നെ സംഭവിക്കാം.

ക്ഷേത്രങ്ങള്‍ക്കുള്ളിലെ എഴുന്നള്ളിപ്പുകളെ രൂക്ഷമായാണ് നിര്‍ദേശം ബാധിക്കുക. ആനകള്‍ തമ്മിലുള്ള മൂന്ന് മീറ്റര്‍ അകലവും വാദ്യക്കാര്‍ക്ക് ഉള്‍പ്പെടെയുള്ള എട്ടുമീറ്റര്‍ അകലവും പാലിക്കാന്‍ മിക്ക ക്ഷേത്രങ്ങളുടെയും മതില്‍ക്കകത്ത് സ്ഥലം ഉണ്ടാകില്ല. മൂന്നാനയെ എഴുന്നള്ളിക്കാന്‍ ഒമ്പതുമീറ്റര്‍ സ്ഥലം വേണം. കാണികള്‍ക്കായി ഒമ്പതുമീറ്റര്‍ വേറെയും വേണം. പൂരത്തിന്റെ സൗന്ദര്യം ഇല്ലാതാക്കുന്നതുകൂടിയാണ് പുതിയ നിയന്ത്രണങ്ങളെന്ന് പൂരം സംഘാടകര്‍ പറയുന്നു.

Related Articles
Next Story