ഇസ്രയേലിനെ അപമാനിക്കുന്നു ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളെ പിന്തുണക്കുന്നു ; വിക്കിപ്പീഡിയ്ക്ക് പൂട്ടിടാൻ ഇലോണ്‍ മസ്‌ക്

ന്യൂയോര്‍ക്ക്: വിക്കിപീഡിയ നിയന്ത്രിക്കുന്നത് തീവ്രഇടതുപക്ഷക്കാരാണെന്നും അവര്‍ക്ക് സംഭാവന നല്‍കുന്നത് നിര്‍ത്തണമെന്നും ടെസ്‌ല, സ്‌പേസ് എക്‌സ് സി.ഇ.ഒ ഇലോണ്‍ മസ്‌ക്. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് മസ്‌കിന്റെ വിമര്‍ശനം.

യു.എസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റായ പൈറേറ്റ്‌സ് വയേഴ്‌സിന്റെ റിപ്പോര്‍ട്ട് പങ്കുവെച്ചാണ് ഇലോണ്‍ മസ്‌കിന്റെ വിമര്‍ശനം. 40 വിക്കിപീഡിയ എഡിറ്റര്‍മാര്‍ ചേര്‍ന്ന് ഇസ്രയേലിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയും ഇസ്ലാമിക മൗലികവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുകയുമാണ് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

ഇത് ആദ്യമായല്ല മസ്‌ക് വിക്കിപ്പീഡിയക്കെതിരേ വിമര്‍ശനം ഉയര്‍ത്തുന്നത്. നേരത്തെയും വിക്കിപീഡിയ നിയന്ത്രിക്കുന്നത് തീവ്ര ഇടതുപക്ഷക്കാരാണെന്ന നിലയില്‍ മസ്‌ക് വിമര്‍ശനം ഉയര്‍ത്തിയിരുന്നു. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെയാണ് മസ്‌ക് പിന്തുണയ്ക്കുന്നത്.

യു.എസില്‍ ദിവസേന ഓരോ വോട്ടര്‍മാര്‍ക്ക് ഒരു ലക്ഷം ഡോളര്‍ വീതം നല്‍കുമെന്ന പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക് രംഗത്തെത്തിയിരുന്നു. അഭിപ്രായസ്വാതന്ത്ര്യവും ആയുധം കൈവശംവെക്കാനുള്ള അവകാശവും നല്‍കുന്ന, ഭരണഘടനയുടെ ഒന്നും രണ്ടും ഭേദഗതികളെ പിന്തുണയ്ക്കുന്നു എന്ന പെറ്റീഷനില്‍ ഒപ്പിടുന്ന വോട്ടര്‍മാരില്‍ ഒരാള്‍ക്കാണ് ഈ തുക നല്‍കുക.

Related Articles
Next Story