ഇ.പി വിഷയം ചർച്ചയ്ക്ക്; സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരണം നൽകിയേക്കും
തിരുവനന്തപുരം: ഇ.പി.ജയരാജന്റെ ‘ആത്മകഥ’യിലെ പരാമർശങ്ങൾ പാർട്ടി നേതൃത്വത്തിൽ സജീവ ചർച്ചയായി. ആത്മകഥയിലെ പുറത്തുവന്ന ഭാഗത്തെ ഇ.പി കയ്യൊഴിഞ്ഞെങ്കിലും നേതൃത്വത്തോടുള്ള അദ്ദേഹത്തിന്റെ അമർഷം വ്യക്തം. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു നീക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിലും വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളിലുമാണ് നേതൃത്വം നീതി കാട്ടിയില്ലെന്നു ജയരാജൻ പറഞ്ഞുവയ്ക്കുന്നത്.
എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു പുറത്താക്കിയ വിവാദത്തിൽ ‘പാർട്ടി എടുത്ത നിലപാട് എന്നെക്കുറിച്ച് പാർട്ടി പ്രവർത്തകരിലും അണികളിലും തെറ്റിദ്ധാരണയ്ക്ക് ഇടയാക്കി എന്ന വസ്തുത മറച്ചു വയ്ക്കുന്നില്ല’ എന്നു ജയരാജൻ കുറ്റപ്പെടുത്തി. റിസോർട്ടിനെതിരെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി.ജയരാജൻ ഗുരുതരമായ ആരോപണം ഉന്നയിച്ചു എന്ന വാർത്ത പുറത്തുവന്നത് അലട്ടിയെന്നും ആ സംസ്ഥാന കമ്മിറ്റി യോഗത്തിൽ താൻ പങ്കെടുത്തിരുന്നില്ലെന്നും ഇ.പി പറയുന്നു. എന്നാൽ ‘ഒരു സഹകരണ സ്ഥാപനത്തെ സഹായിക്കുന്നതു പോലെ ഒരു സ്വകാര്യ കമ്പനിയെ സഹായിക്കാൻ പാടുണ്ടോ’ എന്നു മാത്രമാണു ചോദിച്ചതെന്നു താൻ കൂടി പങ്കെടുത്ത അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിൽ ജയരാജൻ വിശദീകരിച്ച കാര്യം പറഞ്ഞ ശേഷം ഇ.പി ചോദിക്കുന്നു: ‘വിവാദമുയർന്ന സമയത്തു തന്നെ ബന്ധപ്പെട്ടവർ മറുപടി പറഞ്ഞിരുന്നെങ്കിൽ ആ വിവാദം അവസാനിക്കുമായിരുന്നില്ലേ?’ നേതൃത്വം അവരുടെ ഉത്തരവാദിത്തം നിർവഹിക്കാതെ തന്നെ പ്രതിസന്ധിയിലാക്കി എന്ന ആക്ഷേപമാണ് ജയരാജന്റെ വാക്കുകളിൽ നിന്നു നേതാക്കൾ വായിച്ചെടുക്കുന്നത്.
സംസ്ഥാന നേതൃയോഗങ്ങളിൽ നിന്നു കുറെക്കാലമായി വിട്ടുനിൽക്കുന്ന ഇ.പി ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തേക്കും. പാർട്ടിക്ക് അദ്ദേഹം വിശദീകരണം നൽകാനാണു സാധ്യത. പുസ്തകം എഴുതാൻ ജയരാജനെ സഹായിച്ചത് ‘ദേശാഭിമാനി’യുടെ കണ്ണൂർ ലേഖകനാണ് എന്നതു കൂടി കണക്കിലെടുത്ത് അന്വേഷണം ജയരാജൻ തന്നെ ആവശ്യപ്പെട്ടേക്കാമെന്നും സൂചനയുണ്ട്. ദേശാഭിമാനിയുടെ നടത്തിപ്പിനെതിരെ പുസ്തകത്തിൽ വിമർശനങ്ങൾ വന്നതും നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്.
പുസ്തകത്തിന്റെ ഉള്ളടക്കം താൻ അറിയാതെയാണെന്ന ജയരാജന്റെ വിശദീകരണം നേതാക്കൾ മുഖവിലയ്ക്കെടുക്കുന്നില്ല. എന്നാൽ, അദ്ദേഹത്തോട് ആലോചിക്കാതെയാണ് അതു പ്രസാധകർ പ്രസിദ്ധീകരിക്കാനൊരുങ്ങിയതെന്ന വാദം ശരിയാണെന്ന് അവരും കരുതുന്നു.