വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കം പൊട്ടിച്ചു, പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയില്‍

അപസ്മാരമുണ്ടായതിനെ തുടര്‍ന്ന് തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ അഷ്‌റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് ചാല മിംസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്

കണ്ണൂര്‍: പാനൂര്‍ തൃപ്പങ്ങോട്ടൂരില്‍ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങള്‍ പൊട്ടിച്ചതിനെ തുടര്‍ന്ന് 22 ദിവസം മാത്രം പ്രായമുളള കുഞ്ഞ് ഗുരുതരാവസ്ഥയില്‍. അപസ്മാരമുണ്ടായതിനെ തുടര്‍ന്ന് തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ അഷ്‌റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് ചാല മിംസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടില്‍ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങള്‍ ഉപയോഗിച്ചതെന്ന് അഷ്‌റഫിന്റെ കുടുംബം ആരോപിക്കുന്നു. ശബ്ദം കേട്ട് കുഞ്ഞിന്റെ ജീവന്‍ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവം. പെട്ടന്നുണ്ടായ ശബ്ദത്തെ തുടര്‍ന്ന് ഞെട്ടിപ്പോയ കുഞ്ഞ് അല്‍പ്പനേരം വായയും കണ്ണും തുറന്ന നിലയിലായിരുന്നു. അല്‍പ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയതെന്നും കുടുംബം പറയുന്നു. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകീട്ടും സമാനമായ രീതിയില്‍ ഉഗ്ര ശേഷിയുള്ള പടക്കം പൊട്ടിച്ചു. വന്‍ ശബ്ദത്തിലാണ് പടക്കം പൊട്ടിച്ചതെന്നും പരാതിയില്‍ പറയുന്നു.

ശബ്ദം കേട്ടതിന് പിന്നാലെ വീണ്ടും ഞെട്ടിപ്പോയ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന നിലയിലായിരുന്നു. 10 മിനിറ്റോളം ആ രീതിയില്‍ തുടര്‍ന്നു. ശേഷം അനക്കമില്ലാതായി. അതിന് ശേഷം വരന്‍ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയില്‍ ഉഗ്ര ശബ്ദത്തില്‍ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ ആരോപിച്ചു.

Related Articles
Next Story