ഐഎഎസ് ചേരിപ്പോരിൽ നടപടി; കെ ഗോപാലകൃഷ്ണനും പ്രശാന്തിനും സസ്പെൻഷൻ

തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ ചേരിപ്പോരിൽ ഒടുവിൽ നടപടിയെടുത്ത് സംസ്ഥാന സർക്കാർ. വ്യവസായ- വാണിജ്യ വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണനും കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തിനും സസ്‌പെൻഷൻ. മതാടിസ്ഥാനത്തിൽ ഐഎഎസുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിനാണ് കെ ഗോപാലകൃഷ്ണനെതിരായ നടപടി.


അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെതിരായ അധിക്ഷേപ പരാമർശങ്ങളിലാണ് പ്രശാന്തിനെതിരായ അച്ചടക്ക നടപടിയെന്നും അധികൃതർ വ്യക്തമാക്കി. വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഭാഗത്ത് നിന്നുണ്ടായ വ്യക്തിപരമായ വീഴ്ചയാണെന്നും ഇതിനെതിരെയാണ് അച്ചടക്ക നടപടി സ്വീകരിക്കുന്നതെന്നും അധികൃതർ പറഞ്ഞു.

പ്രശാന്തിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടി അഡീഷണൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് ജയതിലകിനെതിരായുള്ള അധിക്ഷേപ പരാമർശം ആരംഭിക്കുന്നത്. ജയതിലകിനെ മനോരോഗിയെന്നടക്കം വിളിച്ച് അധിക്ഷേപിച്ചിരുന്നു.

പ്രശാന്തിന്റെ അധിക്ഷേപ പരാമർശനം സർവീസ് ചട്ടലംഘനമാണെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ റിപ്പോർട്ടിൽ പറയുന്നു. ‘കർഷകനല്ലേ കള പറിക്കാൻ ഇറങ്ങിയതാ’ എന്നും കളപറിക്കൽ തുടരുമെന്നുമെന്ന ലൂസിഫർ സിനിമയിലെ ഡയലോഗ് ഉൾപ്പെടുത്തിയ ഫെയ്‌സ്ബുക്ക് പോസ്റ്റും പ്രശാന്ത് ഇന്ന് പങ്കുവച്ചിരുന്നു

Related Articles
Next Story