കലൂരിലെ ഗിന്നസ് റെക്കോഡ് നൃത്ത പരിപാടി; സ്‌റ്റേഡിയം വിട്ടുനൽകിയതിൽ ഉന്നതരുടെ ഇടപെടലെന്ന് റിപ്പോർട്ടുകൾ

കൊച്ചി: മൃദം​ഗവിഷൻ സംഘടിപ്പിച്ച ഗിന്നസ് റെക്കോഡ് നൃത്ത പരിപാടിക്കിക്കായി കലൂര്‍ ജവഹർലാൽ നെഹ്രു സ്‌റ്റേഡിയം വിട്ടുനൽകിയതിൽ ഉന്നതരുടെ ഇടപെടലെന്ന് റിപ്പോർട്ടുകൾ. പരിപാടിക്കായി സ്റ്റേഡിയം വിട്ടുനൽകാനാകില്ലെന്ന് സ്റ്റേഡിയം അധികൃതർ ആദ്യം റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കാര്യങ്ങൾ മാറിമറിഞ്ഞുകൊണ്ട് സ്റ്റേഡിയം മൃദം​ഗവിഷന് വിട്ടുനൽകുന്നത്.

2024 ഓ​ഗസ്റ്റിലാണ് പരിപാടിക്കായി സ്റ്റേഡിയം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് മൃദം​ഗവിഷൻ അപേക്ഷ സമർപ്പിക്കുന്നത്. ജി.സി.ഡി.എ ചെയര്‍മാന്‍ ചന്ദ്രന്‍പിള്ളയ്ക്കായിരുന്നു അപേക്ഷ സമര്‍പ്പിച്ചത്. തുടർന്ന്, ഏകദേശം ഒരു മാസത്തിന് ശേഷം ചന്ദ്രൻപിള്ള ഈ അപേക്ഷ സ്റ്റേഡിയത്തിന്റെ എസ്റ്റേറ്റ് വിഭാ​ഗത്തിന് കൈമാറി. 2025 ഏപ്രിൽ വരെ സ്റ്റേഡിയം ബ്ലാസ്റ്റേഴ്സിന് മാത്രമായി നൽകിയിരിക്കുകയായിരുന്നതിനാൽ സ്റ്റേഡിയം വിട്ടുനൽകാനാവില്ല എന്നായിരുന്നു എസ്റ്റേറ്റ് വിഭാ​ഗത്തിന്റെ തീരുമാനം.

ഫുട്ബോളിന് വേണ്ടി മാത്രം നൽകിയിരിക്കുകയാണ് സ്റ്റേഡിയം. ഈ അപേക്ഷ പരി​ഗണിക്കാനാവില്ല. അന്താരാഷ്ട്ര നിലവാരത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ടർഫ് സ്റ്റേഡിയത്തിലുണ്ട്. മറ്റ് പരിപാടികൾ നടത്തുന്നത് ടർഫിനെ ബാധിച്ചേക്കുമെന്നും എസ്റ്റേറ്റ് വിഭാ​ഗം കണ്ടെത്തിയതായി ജി.സി.ഡി.എ. രേഖകളിൽ പറയുന്നു.

എന്നാൽ, ഈ തീരുമാനം പിന്നീട് അട്ടിമറിച്ചായിരുന്നു സ്റ്റേഡിയം മൃതദം​ഗവിഷന് ലഭിച്ചത്. ബ്ലാസ്റ്റേഴ്സിൽ നിന്ന് ഒരു നിരാക്ഷേപപത്രം ലഭിച്ചാൽ സ്റ്റേഡിയം നൽകാനാകുമെന്ന് ഒരു ഉടമ്പടിയുണ്ടാകുന്നു. അതിനുശേഷം എൻ.ഒ.സി. കിട്ടിയതായി കാണിച്ച് കാര്യങ്ങൾ വേ​ഗത്തിലാക്കുന്നു. ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ടാണ് ഇക്കാര്യങ്ങളെല്ലാം പൂർത്തിയായതെന്നും രേഖകളിൽ നിന്ന് വ്യക്തമാണ്. വിഷയത്തിൽ, കൊച്ചി സ്വദേശി ചെഷയര്‍ ടാര്‍സന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട്. സ്റ്റേഡിയം വിട്ടുനല്‍കിയതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് പരാതി. നിയമപരമായി പരിഗണിക്കാനാകാത്ത അപേക്ഷ വളഞ്ഞ വഴിയില്‍ തീരുമാനമാക്കിയെന്നും പരാതിയില്‍ പറയുന്നു.

Related Articles
Next Story