ഇസ്രയേല്‍ നാവികതാവളത്തിനുനേര്‍ക്ക് 160 മിസൈലുകൾ തൊടുത്ത് ഹിസ്ബുള്ള; 11 പേര്‍ക്ക് പരിക്ക്
ഇസ്രയേലിന് നേര്‍ക്ക് വ്യോമാക്രമണം നടത്തി ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധസംഘം ഹിസ്ബുള്ള. തലസ്ഥാനമായ ടെല്‍ അവീവ്, തെക്കന്‍ ഇസ്രയേലിലെ അഷ്‌ദോദ് നാവികതാവളം എന്നിവിടങ്ങളാണ് ഹിസ്ബുള്ള ആക്രമണം നടത്തിയത്. ഏകദേശം 160 മിസൈലുകള്‍ ഇസ്രേയലിന് നേര്‍ക്ക് ഹിസ്ബുള്ള തൊടുത്തുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ടെല്‍ അവീവിലെ ''സൈനിക ലക്ഷ്യ''ത്തിനു നേര്‍ക്ക് ഉയര്‍ന്ന പ്രഹരശേഷിയുള്ള മിസൈലുകളും ഡ്രോണുകളും തൊടുത്തതായും റിപ്പോര്‍ട്ടുണ്ട്. ഇസ്രയേലിന്റെ രഹസ്യാന്വേഷണ താവളത്തിനു നേര്‍ക്കും ഹിസ്ബുള്ള മിസൈല്‍ ആക്രമണം നടത്തി. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി നിരന്തര ആക്രമണമായിരുന്നു ഇസ്രയേല്‍ നടത്തിയിരുന്നത്. 63 പേര്‍ക്കാണ് ഈ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമായത്. ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫും കൊല്ലപ്പെട്ടിരുന്നു.
ഹിസ്ബുള്ളയുടെ ആക്രമണം സ്ഥിരീകരിച്ച ഇസ്രയേല്‍ സൈന്യം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാന്‍ തയ്യാറായില്ല. ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.