ക്ഷേത്രങ്ങൾ ഷൂട്ടിങ്ങിനുള്ള സ്ഥലമല്ല; ആരാധനയ്ക്കുള്ള സ്ഥലം - ഹൈക്കോടതി

തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശക്ഷേത്രത്തിൽ സിനിമാ ചിത്രീകരണം അനുവദിച്ചത് ചോദ്യംചെയ്യുന്ന ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം.

കൊച്ചി: ക്ഷേത്രങ്ങൾ സിനിമാ ചിത്രീകരണത്തിനുള്ള സ്ഥലമല്ലെന്നും ഭക്തർക്ക് ആരാധനയ്ക്കുള്ള സ്ഥലമാണെന്നും ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശക്ഷേത്രത്തിൽ സിനിമാ ചിത്രീകരണം അനുവദിച്ചത് ചോദ്യംചെയ്യുന്ന ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത് കുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. തൃപ്പൂണിത്തുറ സ്വദേശികളായ ദിലീപ് മേനോൻ, ഗംഗാ വിജയൻ എന്നിവരായിരുന്നു ഹർജിക്കാർ.

കൊച്ചിൻ ദേവസ്വം ബോർ‌ഡിന്റെ ക്ഷേത്രങ്ങളിൽ സിനിമാ ചിത്രീകരണം തടയണമെന്നതടക്കമുള്ള ആവശ്യമാണ് ഹർജിയിൽ ഉന്നയിച്ചത്. ഇതിൽ സർക്കാരിന്റെയും ദേവസ്വത്തിന്റെയും വിശദീകരണം തേടി. അടുത്തയിടെ തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ ‘വിശേഷം’ എന്ന സിനിമയുടെ ചിത്രീകരണം നടന്നപ്പോൾ ചീത്രീകരണ സംഘത്തോടൊപ്പം അഹിന്ദുക്കളും ഉണ്ടായിരുന്നു. ഉത്സവസീസണിൽ പാപ്പാന്മാർ മദ്യപിച്ചെത്തുന്നതും ആളുകൾ ചെരിപ്പിട്ട് ക്ഷേത്രത്തിൽ കയറുന്നതും പതിവാണെന്നും ഹർജിയിൽ പറയുന്നു. ഹർജിക്കാർക്കായി അഡ്വ. ടി. സഞ്ജയ് ഹാജരായി.

Related Articles
Next Story