ഹണി റോസിന്റെ പരാതിയില്‍ യുട്യൂബ് ചാനലുകള്‍ക്ക് എതിരെ നടപടിക്ക് പോലീസ്
20 യൂട്യൂബ് ചാനലുകള്‍ക്ക് എതിരെയും നടപടി വരും എന്നാണ് സൂചന
കൊച്ചി: നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ നടപടി ബോബി ചെമ്മണ്ണൂരില്‍ ഒതുക്കാതെ പോലീസ്. നടിയുടെ പരാതിയില്‍ 20 യൂട്യൂബ് ചാനലുകള്‍ക്ക് എതിരെയും നടപടി വരും എന്നാണ് സൂചന. ഇന്നലെ അറസ്റ്റിലായ ബോബിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
വീഡിയോകളില്‍ ഹണിയുടെ ചിത്രം വെച്ച് ദ്വയാർത്ഥ പ്രയോഗത്തോടെ മോശം തലക്കെട്ടുകള്‍ ഇട്ട 20 യൂട്യൂബ് ചാനലുകള്‍ക്ക് എതിരെയാണ് നടിയുടെ പരാതി. ഇവര്‍ക്ക് എതിരെയാകും നടപടി വരിക. അതേസമയം നടി നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് പരിശോധിച്ച് കൂടുതൽ വകുപ്പുകൾ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയേക്കും. ഇയാളുടെ മൊബൈൽ ഫോൺ ഇന്നലെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.. ഇത് ഫോറൻസിക് പരിശോധനക്ക് അയക്കും.
ഇന്നലെ രാവിലെ മേപ്പാടിയിലെ റിസോര്‍ട്ട് വളപ്പിൽ വച്ച് അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ രാത്രി 7 മണിക്ക് ശേഷമാണ് കൊച്ചിയിലെത്തിച്ചത്. രാത്രി 12 മണിയോടെയും പുലർച്ചെ അഞ്ച് മണിയോടെയും രണ്ട് തവണയായി വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി.