കടുത്ത മാനസിക സമ്മർദം, ആത്മഹത്യയിലേക്ക് തള്ളിയിടുന്ന പ്രവൃത്തികൾ: രാഹുൽ ഈശ്വറിനെതിരെയും നിയമനടപടിക്കൊരുങ്ങി ഹണി റോസ്

കൊച്ചി: ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുൽ ഈശ്വറിനെതിരെയും നിയമനടപടിക്കൊരുങ്ങി ഹണി റോസ്. താനും തന്റെ കുടുംബവും കടുത്ത മാനസിക സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിനു പ്രധാന കാരണക്കാരൻ രാഹുൽ ഈശ്വർ ആണെന്നും ഹണി റോസ് സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു തന്റെ പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാനുമായി രാഹുൽ ഈശ്വർ സൈബർ ഇടത്തിൽ ഒരു ആസൂത്രണം കുറ്റകൃത്യം നടത്തുകയാണെന്നും അദ്ദേഹത്തിനെതിരെ നിയമനടപടി കൈക്കൊള്ളുന്നുവെന്നും ഹണി റോസ് സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

‘‘തുടർച്ചയായി മാധ്യമങ്ങളിലൂടെ എനിക്കെതിരെ വരുന്ന, എന്റെ തൊഴിലിനു നേരെ വരുന്ന ഭീഷണികൾ, അശ്ലീല, ദ്വയാർഥ, അപമാനകുറിപ്പുകൾ തുടങ്ങിയ എല്ലാ സൈബർ ബുള്ളിയിങ്ങിനും പ്രധാന കാരണക്കാരൻ താങ്കൾ ആണ്. കോടതിയിൽ ഇരിക്കുന്ന കേസിലെ പരാതിക്കാരി ആയ എന്നെ കടുത്ത മാനസികവ്യഥയിലേക്കു തള്ളിയിടുകയും ആത്മഹത്യയിലേക്കു തള്ളിയിടാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവർത്തികൾ ആണ് രാഹുൽ ഈശ്വറിന്റെ ഭാഗത്തു നിന്ന് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

എനിക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും ആക്രമിക്കുമെന്നും അപായപ്പെടുത്തുമെന്നുമുള്ള ഭീഷണികളുടെ രീതിയിലും തൊഴിൽ നിഷേധരീതിയിലും, നേരിട്ടും സമൂഹമാധ്യമം വഴിയും വരുന്ന വെല്ലുവിളികൾ നടത്തിയ രാഹുൽ ഈശ്വറിനെതിരെ ഞാൻ നിയമനടപടി കൈക്കൊള്ളുന്നു’’– ഹണി റോസ് പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

Related Articles
Next Story