ഞാൻ പ്രസിഡന്റായി വരുംമുൻപേ ബന്ദികളെ മോചിപ്പിക്കണം: വിട്ടയച്ചില്ലെങ്കില്‍..... ഹമാസ് വിവരമറിയുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: താന്‍ അധികാരത്തിലേറുമ്പോഴേക്കും ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഹമാസിന് മുന്നറിയിപ്പ് നല്‍കി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.
താന്‍ അഭിമാനത്തോടെ യുഎസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന 2025 ജനുവരി 20-ന് മുമ്പ് ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍, മിഡില്‍ ഈസ്റ്റിലും ഈ ക്രൂരതകള്‍ ചെയ്ത ഉത്തരവാദിത്തപ്പെട്ടവര്‍ക്കും വലിയ വില നല്‍കേണ്ടി വരുമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയത്.
അമേരിക്കയുടെ ചരിത്രത്തില്‍ ആരെയെങ്കിലും ബാധിച്ചതിനേക്കാള്‍ വലിയ പ്രഹരമാണ് ഉത്തരവാദികളെ കാത്തിരിക്കുകയെന്നും ബന്ദികളെ ഇപ്പോള്‍ തന്നെ മോചിപ്പിക്കാനും ട്രംപ് ആഹ്വാനം ചെയ്തു. ഇസ്രയേലിന് ശക്തമായ പിന്തുണ നല്‍കുമെന്നും ബൈഡന്റെ ഇടയ്ക്കിടെയുള്ള വിമര്‍ശനങ്ങള്‍ പോലുള്ളതില്‍ നിന്ന് താന്‍ ഒഴിഞ്ഞുനില്‍ക്കുമെന്നും ട്രംപ് വ്യക്തമാക്കി.
2023 ഒക്ടോബര്‍ 7-നാണ് ഹമാസ് ഇസ്രയേലിനെതിരെ എക്കാലത്തെയും മാരകമായ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 1,208 പേര്‍ മരിച്ചു, കൂടുതലും സാധാരണക്കാരായിരുന്നു. തുടര്‍ന്ന് ഗാസയില്‍ ഇസ്രായേല്‍ പ്രതികാര യുദ്ധം ആരംഭിച്ചു. യുദ്ധം അവസാനിപ്പിക്കാനും 14 മാസം മുമ്പ് പിടികൂടിയ ബന്ദികളെ മോചിപ്പിക്കാനും കഴിയുന്ന ഒരു കരാര്‍ ഉറപ്പിക്കുന്നതില്‍ ഇതുവരെ യുഎസിനായിട്ടില്ല. ഇക്കാര്യത്തില്‍ പരാജയപ്പെട്ട പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തിന് പരോക്ഷ വിമര്‍ശനം കൂടിയാണ് ട്രംപിന്റെ മുന്നറിയിപ്പ്.