ശ്രീറാമിന്റെ അഭിഭാഷകന് രണ്ടാം നിലയിലെ കോടതിയിൽ കയറാനാകില്ല; കെ.എം. ബഷീർ കേസിൽ വിചാരണ മാറ്റി

100 സാക്ഷികൾ ഉള്ള കേസിലെ 95 സാക്ഷികളെയാണു വിസ്തരിക്കുക.

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മാറ്റിവച്ചു. പ്രതിഭാഗ അഭിഭാഷകനായ രാമൻപിള്ളയ്ക്ക് രണ്ടാം നിലയിലെ കോടതിയിൽ കയറാൻ കഴിയില്ലെന്ന കാരണത്താൽ വിചാരണ മറ്റൊരു കോടതിയിലേക്കു മാറ്റണം എന്ന ആവശ്യം കോടതി അനുവദിച്ചു.

ഇന്നു മുതൽ 18 വരെയാണ് വിചാരണ നടക്കേണ്ടിയിരുന്നത്. 100 സാക്ഷികൾ ഉള്ള കേസിലെ 95 സാക്ഷികളെയാണു വിസ്തരിക്കുക. വിചാരണ രണ്ടു ഘട്ടങ്ങളിലായാണു നടത്തുക. ഇതിന്റെ രണ്ടാം ഘട്ടം ജനുവരിയിൽ പരിഗണിക്കും. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ അടക്കമുള്ളവരെ രണ്ടാം ഘട്ടത്തിലാണു വിസ്തരിക്കുക. രണ്ട് മുതൽ ആറ് വരെയുള്ള സാക്ഷികളാണു സംഭവം കണ്ടത് എന്നാണ് പൊലീസ് പറയുന്നത്. തിരുവനന്തപുരം ഒന്നാം അഡീഷനൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.

2019 ഓഗസ്റ്റ് 3ന് പുലർച്ചെ ഒരു മണിക്കാണ് 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെടുന്നത്.

Related Articles
Next Story