രജിസ്ട്രേഷനായി ആദ്യം 2,000 വാങ്ങി, പിന്നീട് 1,600 രൂപയും, രക്ഷിതാക്കളിൽ നിന്ന് പോലും പ്രവേശനപാസിന് പണം ഈടാക്കി: കോടികളുടെ പിരിവ് ; സംഘാടകർക്കെതിരെ വ്യാപക പരാതി

കലൂർ സ്റ്റേഡിയത്തിലെ ന‍ൃത്തപരിപാടിയുടെ സംഘാടകർക്കെതിരെ തുറന്നടിച്ച് പരിപാടിയിൽ പങ്കെടുത്ത കുട്ടിയുടെ രക്ഷിതാവ്.



സംഘാടകർ 2,000 മുതൽ 5,000 രൂപ വരെ തങ്ങളിൽ നിന്ന് വാങ്ങിയെന്നും പ്രവേശനപാസിന് രക്ഷിതാക്കളിൽ നിന്ന് പോലും പണം വാങ്ങിയെന്നും ഒരു കുട്ടിയുടെ മാതാവ് പ്രതികരിച്ചു. സംഘാടകരുടെ സുരക്ഷാവീഴ്ചയെ കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

“ആദ്യഘട്ടത്തിൽ രക്ഷിതാക്കളിൽ നിന്ന് രണ്ടായിരം രൂപ വാങ്ങിച്ചു. അത് നൃത്ത അദ്ധ്യാപകർക്കാണ് ഞങ്ങൾ അയച്ചുകൊടുത്തത്. പിന്നീട് 1,600 രൂപ അയച്ചുകൊടുത്തു. ഒരു കുട്ടിയിൽ നിന്ന് 3000-ത്തിലധികം രൂപയാണ് സംഘാടകർ വാങ്ങിയത്”.

“സ്പോൺസർഷിപ്പായി കിട്ടിയതാണ് കുട്ടികൾ ധരിച്ചിരുന്ന നീല സാരി. മേക്കപ്പിന്റെയും ആഭരണങ്ങളുടെയും ചെലവ് അവരവർ തന്നെയാണ് നോക്കിയത്. ഇത്രയും പണം ഓരോരുത്തരുടെയും കയ്യിൽ നിന്നും വാങ്ങിയിട്ടും അവർ ഒരു സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയില്ല. ​ഗാലറിയിൽ ഇരുന്ന് കാണുന്നതിന് രക്ഷിതാക്കളിൽ നിന്ന് 149 രൂപയും അടുത്തിരുന്ന് കാണുന്നതിന് 299 രൂപയും വാങ്ങിയിരുന്നു”.

“2,000 രജിസ്ട്രേഷൻ ഫീസെന്നാണ് അവർ പറ‍ഞ്ഞത്. മാസങ്ങൾക്ക് മുമ്പ് തന്നെ പണം കൊടുത്തിട്ടുണ്ടായിരുന്നു. എംഎൽഎയുടെ അപകടം ഉണ്ടായതുകൊണ്ടാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. അല്ലെങ്കിൽ ആരും ഇത് അറിയില്ലായിരുന്നു. ദിവ്യ ഉണ്ണിക്ക് പകരം വേറെ ഒരാളെയായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീടാണ് ദിവ്യ ഉണ്ണിയാണെന്ന് അറിയുന്നതെന്നും” രക്ഷിതാവ് പ്രതികരിച്ചു.

Related Articles
Next Story