ഇ.ഡി വീണ്ടും കരിവന്നൂർ ബാങ്കിൽ; അനധികൃത വായ്പയെടുത്തവർ കുടുങ്ങും
ബാങ്ക് പരിധിക്ക് പുറത്തുള്ളവർ എടുത്ത വായ്‌പയുടെ വിശദാംശങ്ങൾ പരിശോധിക്കാനാണ് ഇ.ഡി എത്തിയത് എന്നാണ് വിവരം
തൃശൂർ∙ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ വിശദമായ പരിശോധനയ്ക്കായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും കരിവന്നൂർ ബാങ്കിൽ. ബാങ്ക് പരിധിക്ക് പുറത്തുള്ളവർ എടുത്ത വായ്‌പയുടെ വിശദാംശങ്ങൾ പരിശോധിക്കാനാണ് ഇ.ഡി എത്തിയത് എന്നാണ് വിവരം.
അനധികൃത വായ്പയെടുത്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും നീക്കമുണ്ട്. ഇതിനു മുന്നോടിയായി ബാങ്കിലെത്തി മേൽവിലാസം ശേഖരിച്ചു.
കരുവന്നൂർ ബാങ്കിന്റെ അധികാരപരിധിക്ക് പുറത്തുള്ള ഒട്ടേറെപ്പേർക്ക് തട്ടിപ്പ് നടന്ന കാലത്ത് വായ്പ അനുവദിച്ചിരുന്നു. എടുത്ത വായ്പയ്ക്കുള്ള മൂല്യം ഭൂമിക്കില്ലെന്നും കണ്ടെത്തിയിരുന്നു. കേസിൽ പ്രതികൾക്ക് ജാമ്യം നൽകിയ കോടതി ഉത്തരവിലെ പരാമർശങ്ങൾക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് ഇ.ഡിയുടെ തീരുമാനം.
ജാമ്യ ഉത്തരവിലെ ചില പരാമർശങ്ങൾ നീക്കണമെന്ന് ഇ.ഡി ആവശ്യപ്പെടും. പ്രതികൾ കുറ്റം ചെയ്തതായി കരുതാൻ കാരണമില്ലെന്ന ഹൈക്കോടതി നിരീക്ഷണത്തിലാണ് ഇ.ഡിക്ക് അതൃപ്തി. ഹൈക്കോടതി ഉത്തരവിലെ പരാമർശം കേസിന്‍റെ വിചാരണയെ അടക്കം ബാധിക്കുമെന്ന് വിലയിരുത്തൽ.