ഇന്ന് നവംബർ ഒന്ന്, കേരളപ്പിറവി ആഘോഷത്തിൽ മലയാളികൾ

ഇന്ന് നവംബർ ഒന്ന്, കേരളപ്പിറവി ആഘോഷത്തിൽ മലയാളികൾ; അറുപത്തിയെട്ടാം പിറന്നാൾ

ഇന്ന് നവംബർ ഒന്ന്, കേരളപ്പിറവി ദിനം. ഐക്യകേരളപ്പിറവിക്ക് ഇന്ന് അറുപത്തെട്ട് വയസ്സ്. തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാർ, കാസർകോട് എന്നീ നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് 1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിൽ ഇന്നത്തെ കേരളം രൂപീകരിച്ചത്. മലയാള നാടിന്‍റെ പിറന്നാൾ ഈ ദിനത്തിൽ എല്ലാവരും കേരള പിറവി ആശംസകൾ നേർന്നുകൊണ്ടാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. ഇത്തവണ സംസ്ഥാനം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കവെയാണ് കേരളപ്പിറവി ദിനം എത്തിയിരിക്കുന്നത്.

വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം.

എസ് സോമനാഥ് (സയൻസ് & എൻജിനിയറിങ്), ഭുവനേശ്വരി (കൃഷി) എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിനും കലാമണ്ഡലം വിമലാ മേനോൻ (കല), ഡോ. ടി കെ ജയകുമാർ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി) സഞ്ജു വിശ്വനാഥ് സാംസൺ (കായികം), ഷൈജ ബേബി (സാമൂഹ്യ സേവനം, ആശാ വർക്കർ), വി കെ മാത്യൂസ് (വ്യവസായ- വാണിജ്യം) എന്നിവർ കേരള ശ്രീ പുരസ്‌കാരത്തിനും അർഹരായി.

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വർഷത്തിൽ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വർഷത്തിൽ അഞ്ചു പേർക്കുമാണു നൽകുന്നത്.


Related Articles
Next Story