കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും രാഷ്ട്രീയ വിഷയമാകുന്നു; പുനരന്വേഷണം വേണമെന്ന് സിപിഎം

ബിജെപിയുടെ തൃശൂര്‍ ഓഫീസില്‍ കോടാനുകോടി രൂപ ചാക്കില്‍കെട്ടി വച്ചു എന്നാണ് വിവരം. അതില്‍ നിന്നും മൂന്നരക്കോടിയാണ് അടിച്ചുമാറ്റിയത്. ഇത് ഗൗരവതരമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു

തൃശൂർ: കൊടകര കേസ് വീണ്ടും രാഷ്ട്രീയ വിഷയമാക്കാന്‍ സിപിഎം. കൊടകര കുഴല്‍പ്പണക്കേസില്‍ പുനരന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്‌ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഗുരുതരമാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ബിജെപിയുടെ തൃശൂര്‍ ഓഫീസില്‍ കോടാനുകോടി രൂപ ചാക്കില്‍കെട്ടി വച്ചു എന്നാണ് വിവരം. അതില്‍ നിന്നും മൂന്നരക്കോടിയാണ് അടിച്ചുമാറ്റിയത്. ഇത് ഗൗരവതരമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു.

“41കോടിയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചത്. ഉപതിരഞ്ഞെടുപ്പിലും ഇതേ രീതിയില്‍ പണം ബിജെപി എത്തിച്ചിട്ടുണ്ടാകണം. ബെംഗളൂരു ഉള്‍പ്പെടെ കണക്ഷന്‍ ഉണ്ട്. അതിനാല്‍ ഇഡിയും ഇന്‍കംടാക്സും ഈ കേസ് അന്വേഷിക്കണം. ഇഡിയെ വെള്ളപൂശുന്ന നിലപാടാണ് കോണ്‍ഗ്രസിന്‍റെത്. കേസ് അട്ടിമറിക്കാനാണ് വി.ഡി.സതീശന്റെ ശ്രമം. അതിനാണ് ബിജെപി-സിപിഎം ഡീല്‍ എന്ന് കോണ്‍ഗ്രസ് പറയുന്നത്. കൊടകര കുഴല്‍പ്പണക്കേസില്‍ പുനരന്വേഷണം വേണം.” ഗോവിന്ദന്‍ പറഞ്ഞു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും കൊടകര മോഡലില്‍ പണം എത്തിയിട്ടുണ്ട് എന്ന് ജെആര്‍പി നേതാവ് പ്രസീത അഴീക്കോടും പ്രതികരിച്ചിട്ടുണ്ട്. ബിജെപി തൃശൂര്‍ ജില്ലാ മുന്‍ ഓഫീസ് സെക്രട്ടറിയായ തിരൂര്‍ സതീഷിന്റെ ആരോപണമാണ് പ്രസീത ശരിവച്ചത്.

Related Articles
Next Story