എം.എം. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന്; സംസ്കരിക്കാൻ വിട്ടുനൽകണമെന്ന ഹർജി തള്ളി

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മകൾ ആശാ ലോറൻസും അഭിഭാഷകനായ കൃഷ്ണരാജും അറിയിച്ചു

കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള മകളുടെ ഹർജി ഹൈക്കോടതി തള്ളി. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാനുള്ള തീരുമാനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. പ്രശ്നപരിഹാരത്തിനായി നിയോഗിക്കപ്പെട്ട മധ്യസ്ഥനും പരാജയം സമ്മതിച്ചതോടെയാണ് ഹൈക്കോടതി തീരുമാനമെടുത്തത്. എന്നാൽ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മകൾ ആശാ ലോറൻസും അഭിഭാഷകനായ കൃഷ്ണരാജും അറിയിച്ചു.

സെപ്തംബർ 21 നാണ് എം എം ലോറൻസ് അന്തരിച്ചത്. വിടപറഞ്ഞ് രണ്ടാം ദിവസം മുതൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം നിയമ വ്യവഹാരങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. മൃതദേഹം പഠനാവശ്യത്തിന് കളമശ്ശേരി മെഡിക്കൽ കോളേജിന് വിട്ടുനൽകാനുള്ള തീരുമാനത്തിനെതിരെ ആദ്യം ശബ്ദമുയർത്തിയതും കോടതിയിൽ പോയതും മകൾ ആശ ലോറൻസായിരുന്നു. എറണാകുളം ടൗൺഹാളിൽ പൊതുദർശനം നടക്കുന്ന അതേ സമയത്ത് തന്നെയാണ് വിളിപ്പാടകലെ ഹൈക്കോടതിയിൽ ആശയുടെ ഹർജി പരിഗണിച്ചത്. തീരുമാനം മെഡിക്കൽ കോളജിന് വിട്ട് ആശയുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി. പിന്നാലെ മൂന്നു മക്കളെയും കേട്ടതിന് ശേഷം മൃതദേഹം പഠനാവശ്യത്തിന് ഏറ്റെടുക്കാൻ മെഡിക്കൽ കോളേജ് തീരുമാനിച്ചു.

ഹിയറിങ് ഏകപക്ഷീയമായിരുന്നു എന്നാരോപിച്ച് ആശ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. സിംഗിൾ ബെഞ്ചിന് മുന്നിലെ വാദത്തിനിടെ ആശയ്ക്ക് അനുകൂലമായി മറ്റൊരു മകൾ സുജാത നിലപാട് മാറ്റി. മരണശേഷം മൃതദേഹം പഠനാവശ്യത്തിന് വിട്ടു നൽകാനുള്ള മകന്‍റെ തീരുമാനത്തിന് സാക്ഷികളുണ്ടെന്ന് വ്യക്തമാക്കി മെഡിക്കൽ കോളേജിന്റെ തീരുമാനം സിംഗിൾ ബെഞ്ച് ശരിവെച്ചു. അപ്പീലുമായി ആശയും സുജാതയും ഡിവിഷൻ ബെഞ്ചിലെത്തി. സിവിൽ കേസ് അല്ലേയെന്നും മധ്യസ്ഥനെ നിയോഗിക്കാമെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് അറിയിച്ചു.

Related Articles
Next Story