'അന്‍വറിന്റെ പരാതി പരിശോധിച്ചു, ഉദ്യോഗസ്ഥരുടെ വീഴ്ച ഭരണതലത്തിൽ പരിശോധിക്കണമെന്നാണ് പാർട്ടി നിലപാട്'
തിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എയുടെ പരാതി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിച്ചുവെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പരാതിയിൽ പത്തനംതിട്ട എസ്.പി. ആയിരുന്ന സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു. പി.വി. അൻവറിന്റെ പരാതിയിൽ ഉന്നയിച്ചിട്ടുള്ളത് ഭരണതലത്തിലുള്ള ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും അത് ഭരണതലത്തിൽ പരിശോധിക്കേണ്ടതാണെന്ന അഭിപ്രായമാണ് പാർട്ടിക്കുള്ളതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
'പി.വി. അൻവർ സംസ്ഥാന സർക്കാരിനും സി.പി.എം. സംസ്ഥാന കമ്മിറ്റിക്കും നൽകിയ പരാതി പരിശോധിച്ചു. പരാതിയിൽ ഉന്നയിച്ച സുജിത് ദാസ് ഐ.പി.എസിനെ അന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സർക്കാർ സസ്പെൻഡ് ചെയ്തു. ഉന്നയിച്ചിട്ടുള്ള പ്രശ്നങ്ങൾ ഭരണതലത്തിലുള്ള ഉദ്യോഗസ്ഥരുടെ വീഴ്ചയുമായി ബന്ധപ്പെട്ടവയാണ്. അതുകൊണ്ട് ഭരണതലത്തിലുള്ള പരിശോധനയാണ് ഇതിൽ ഉണ്ടാകേണ്ടത് എന്ന അഭിപ്രായമാണ് പാർട്ടിക്കുള്ളത്. അത്തരത്തിലുള്ള പരിശോധനയ്ക്കാവശ്യമായ സംഘത്തെ, ഫലപ്രദമായി അന്വേഷിക്കാൻ ശേഷിയുള്ള സംഘത്തെ സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഡി.ജി.പി. നേതൃത്വം നൽകുന്ന സമിതിയെ ആണ് നിയോഗിച്ചിട്ടുള്ളത്. ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമാണത്. മറ്റംഗങ്ങൾ കേസന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഡി.ജി.പിയെ സഹായിക്കാനുള്ളവരാണ്. അന്വേഷണ റിപ്പോർട്ട് ഒരുമാസത്തിനകം ലഭിക്കുമെന്നാണ് കരുതുന്നത്. റിപ്പോർട്ട് ലഭിക്കുന്ന ഘട്ടത്തിൽ ഉയർന്നു വരുന്ന കാര്യങ്ങളിൽ പാർട്ടിതലത്തിൽ പരിശോധിക്കേണ്ടതായി എന്തെങ്കിലും ഉണ്ടെങ്കിൽ അക്കാര്യം ശക്തമായി പരിശോധനക്ക് വിധേയമാക്കും. തെറ്റായ സമീപനം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും കർശനമായ നടപടി പാർട്ടി തലത്തിൽ സ്വീകരിക്കും. പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് ലഭിക്കുന്ന എല്ലാ പരാതികളും ഇത്തരത്തിൽ പരിശോധിച്ച് നടപടി സ്വീകരിക്കുന്ന രീതിയാണ് നടപ്പിലാക്കുന്നത്. അത് കൂടുതൽ ശക്തമായി തുടരും- എം.വി. ഗോവിന്ദൻ പറഞ്ഞു.
ഹേമാ കമ്മിറ്റി അഭിമാനകരമാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലും അത്തരം കമ്മിറ്റികൾ വേണമെന്ന ആവശ്യമുയരുന്നു. സ്ത്രീകൾക്ക് നീതി ഉറപ്പു വരുത്തുന്നതിനുള്ള പുതിയ കാൽവെപ്പ് കേരളത്തിൽ മാത്രമല്ല, ഇന്ത്യയിൽ ആകെ ഇത്തരത്തിലുള്ള സ്ത്രീപക്ഷ സമീപനം വേണം എന്ന കാര്യം അഭിമാനം നൽകുന്ന ഒന്നാണെന്ന് എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.