ദിവ്യയെ തളളി സിപിഎം; പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു; പരാതികളില്‍ സമഗ്ര അന്വേഷണം വേണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ്
ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നെന്നും, അഴിമതിക്കെതിാരയെ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണ് ഉണ്ടായതെന്നും സിപിഎം ജില്ലാ കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു.
കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ തള്ളി സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി. ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നെന്നും, അഴിമതിക്കെതിാരയെ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണ് ഉണ്ടായതെന്നും സിപിഎം ജില്ലാ കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു. ഉയര്‍ന്നു വന്ന പരാതികളെക്കുറിച്ചെല്ലാം സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഎം പ്രസ്താവനയില്‍ വ്യക്തമാക്കി.
'കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ സിപിഎം ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ദുഃഖമനുഭവിക്കുന്ന കുടുംബത്തോടൊപ്പം സിപിഎം പങ്കുചേരുന്നു. തികച്ചും ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണമാണിത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണ്.
തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ട്. അത്തരം ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒഴിവാക്കേണ്ടതായിരുന്നു. ഉയര്‍ന്നു വന്ന പരാതികളെക്കുറിച്ചെല്ലാം സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണം' സിപിഎം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇന്നു രാവിലെയാണ് നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് സംഭവം. കണ്ണൂരില്‍നിന്നു സ്ഥലംമാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയില്‍ അടുത്ത ദിവസം ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. ഇന്നലെ വൈകിട്ട് കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ എഡിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചതാണു ജീവനൊടുക്കാന്‍ കാരണമെന്നാണു വിമര്‍ശനം.