പതിനാറുകാരി ഗര്‍ഭിണി; ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി

കാമുകനില്‍ നിന്നും ഗർഭിണിയായ പതിനാറുകാരിക്ക് ഗര്‍ഭഛിദ്രത്തിന് ഹൈക്കോടതി അനുമതി നിഷേധിച്ചു. ഗര്‍ഭം 26 ആഴ്ച കടന്നതിനാലാണ് അനുമതി നിഷേധിച്ചത്. കുട്ടിയെ ദത്തുനല്‍കാൻ അതിജീവിതയുടെ വീട്ടുകാർക്കു താൽ‍പര്യമാണെങ്കിൽ ഏറ്റെടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

കാമുകന്‍ ബലാത്സംഗം ചെയ്തതോടെയാണ് കുട്ടി ഗര്‍ഭിണിയായത്. ഈ കാര്യം വീട്ടുകാര്‍ അറിഞ്ഞില്ല. ഡോക്ടറുടെ പരിശോധനയിലാണു വിവരം അറിഞ്ഞത്. ഗർഭഛിദ്രത്തിന് അനുമതി തേടിയാണ് അതിജീവിതയുടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. നിയമം അനുസരിച്ച് 20 ആഴ്ച വരെയാണു ഗർഭഛിദ്രം നടത്താനുള്ള അനുമതി.

ഗർഭം വേണോ എന്നു തീരുമാനിക്കുന്നതു വ്യക്തിസ്വാതന്ത്ര്യത്തിൽപ്പെട്ട കാര്യമാണെന്നും സുപ്രീം കോടതി ഉത്തരവുള്ളതും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായത് അതിജീവിതയെ ശാരീരികവും മാനസികവുമായി ബാധിച്ചിട്ടുണ്ട് എന്നും വാദിച്ചു.

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയോട് അതിജീവിതയെ പരിശോധിക്കാൻ ഹൈക്കോടതി നിർദേശിച്ചു. എന്നാല്‍ ഗർഭഛിദ്രത്തിന് എതിരായിരുന്നു മെഡിക്കല്‍ ബോര്‍ഡ് ഉപദേശം. ഈ സാഹചര്യത്തിൽ ഗർഭഛിദ്രം നടത്തണമെന്ന ആവശ്യം തള്ളുകയാണെന്നും കോടതി വ്യക്തമാക്കി.

Related Articles
Next Story