പെട്രോൾപമ്പ് ദിവ്യയുടെ ഭർത്താവിൻ്റേത്,പ്രശാന്ത് ബിനാമി: ആരോപണവുമായി കോൺഗ്രസ്

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ്. പെട്രോള്‍ പമ്പ് ദിവ്യയുടെ ഭര്‍ത്താവിന്റേതാണെന്നും പരാതിക്കാരനായ പ്രശാന്ത് ബിനാമിയാണെന്നും കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

'പെട്രോള്‍ പമ്പ് പ്രശാന്തിന്റെ പേരിലാണ് എന്നത് സത്യമാണ്. പക്ഷേ പി.പി. ദിവ്യക്കും ഭര്‍ത്താവിനും രണ്ട് സിപിഎം നേതാക്കള്‍ക്കും പങ്കുണ്ട് എന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം. പ്രശാന്തും ദിവ്യയുടെ ഭര്‍ത്താവും ഒന്നിച്ചാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്നത്. മാത്രമല്ല, റവന്യൂ ഉദ്യോഗസ്ഥരുടെ യാത്രയയപ്പില്‍ ക്ഷണിക്കാതെ ചെന്ന് ഇത്തരത്തിലൊരു ആരോപണം ഉന്നയിക്കണമെങ്കില്‍ അവര്‍ക്ക് ഈ വിഷയത്തില്‍ എത്ര താത്പര്യമുണ്ടാകണം. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ദിവ്യക്ക് പങ്കുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഇല്ലെങ്കില്‍ എന്തിനാണ് ഒരു പഞ്ചായത്ത് പ്രസിഡന്റ് ഇത്ര രോക്ഷം കൊള്ളുന്നത്. സാധാരണ ഒരു എംപിമാരോ എം.എല്‍.എമാരോ റവന്യൂ ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് വരുത്തി വിഷയം അവതരിപ്പിക്കുകയാണ് പതിവ്. എന്തിനാണ് ഒരു ചടങ്ങില്‍ ക്ഷണിക്കാതെ ചെന്ന് പരസ്യമായി പ്രസംഗം നടത്തുന്നത്', മാർട്ടിൻ ജോർജ് ആരോപിക്കുന്നു.

എ.ഡി.എമ്മിന്റെ ആത്മഹത്യ സി.പി.എമ്മിനെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയതോടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ രാജിക്ക് സമ്മര്‍ദമേറുന്നു. പ്രതിപക്ഷം എ.ഡി.എമ്മിന്റെ മരണം സര്‍ക്കാരിനെതിരേ ഉപയോഗിക്കുന്നതോടൊപ്പംതന്നെ സി.പി.എമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നവീന്‍ബാബുവിന്റെ മരണത്തിൽ അദ്ദേഹത്തിന്റെ സ്വദേശമായ പത്തനംതിട്ടയിലെ പാര്‍ട്ടിഘടകത്തിനും കടുത്ത പ്രതിഷേധമുണ്ട്. പരസ്യപ്രതികരണങ്ങളും അവിടന്നുണ്ടായി. സി.പി.എം. അനുകൂല സര്‍വീസ് സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സഹയാത്രികന്‍കൂടിയാണ് നവീന്‍ബാബു.

Related Articles
Next Story

COPYRIGHT 2024

Powered By Blink CMS