മാസങ്ങളോളം വൈകിച്ചെന്ന് ദിവ്യ; നവീൻ പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കിയതില്‍ വീഴ്ചയില്ല, തീർപ്പാക്കാനെടുത്തത് ഒരാഴ്ച മാത്രം: നവീന്‍ ബാബുവിന് കലക്ടറുടെ ക്ലീന്‍ചിറ്റ്

കണ്ണൂർ: കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിന്റെ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് എഡിഎം നവീന്‍ ബാബു ഫയല്‍ അകാരണമായി വൈകിപ്പിച്ചിട്ടില്ലെന്ന് കണ്ണൂര്‍ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. യാത്രയയപ്പ് സമ്മേളനത്തിന്റെ പിറ്റേന്ന് നവീന്‍ ബാബുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടറോട് റവന്യൂമന്ത്രി കെ രാജന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് നവീന്‍ ബാബുവിന് ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുന്നത്.

പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയില്ല. പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബു ഫയല്‍ അകാരണമായി വൈകിപ്പിച്ചിട്ടില്ലെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.പെട്രോൾ പമ്പിന് നിരാക്ഷേപപത്രത്തിനായി (എൻഒസി) ടി.വി. പ്രശാന്തൻ അപേക്ഷ നൽകിയത് കഴിഞ്ഞ ഡിസംബർ രണ്ടിനാണ്. അന്ന് നവീൻ ബാബു ആയിരുന്നില്ല എഡിഎം. ഫെബ്രുവരിയിലാണ് അദ്ദേഹം കണ്ണൂരിൽ എത്തിയത്. ഫെബ്രുവരി 21ന് ചെങ്ങളായി പഞ്ചായത്തിൽനിന്ന് അപേക്ഷയിൽ അനുകൂല റിപ്പോർട്ട് ലഭിച്ചു.

22ന് ജില്ലാ ഫയർ ഓഫിസറും 28ന് റൂറൽ പൊലീസ് മേധാവിയും മാർച്ച് 30ന് തളിപ്പറമ്പ് തഹസിൽദാരും 31ന് ജില്ലാ സപ്ലൈ ഓഫിസറും റിപ്പോർട്ട് നൽകി. എന്നാൽ, ഇക്കൂട്ടത്തിൽ റൂറൽ പൊലീസ് മേധാവി നൽകിയ റിപ്പോർട്ട് അനുകൂലമായിരുന്നില്ല. വളവുകളുള്ള ഭാഗമായതിനാൽ പമ്പിലേക്ക് വാഹനങ്ങൾ കയറുമ്പോഴും ഇറങ്ങുമ്പോഴും അപകടങ്ങൾക്കു സാധ്യതയുണ്ടെന്നായിരുന്നു റിപ്പോർട്ട്.

പൊലീസിന്റെ പ്രതികൂല റിപ്പോർട്ട് ചൂണ്ടിക്കാട്ടി നിരാക്ഷേപപത്രം നൽകാതിരിക്കാൻ എഡിഎമ്മിനു കഴിയുമായിരുന്നു. എന്നാൽ, എഡിഎം ടൗൺ പ്ലാനറുടെ റിപ്പോർട്ട് ആവശ്യപ്പെട്ടു. കാഴ്ച മറയുന്ന തരത്തിലുള്ള കുറ്റിച്ചെടികൾ വെട്ടിമാറ്റിയും ഭൂമിയുടെ കിടപ്പു നേരെയാക്കിയും അനുമതി കൊടുക്കാമെന്നു കാണിച്ച് ടൗൺ പ്ലാനർ റിപ്പോർട്ട് സമർപ്പിച്ചത് സെപ്റ്റംബർ 30ന്.

ഭൂമി പരിശോധിച്ച എഡിഎം, ടൗൺ പ്ലാനറുടെ റിപ്പോർട്ട് കൂടി പരിഗണിച്ച് ഒക്ടോബർ 9ന് നിരാക്ഷേപപത്രം നൽകി. സെപ്റ്റംബർ 30നും ഒക്ടോബർ 9നും ഇടയിൽ ഉണ്ടായിരുന്നത് 6 പ്രവൃത്തിദിനങ്ങൾ മാത്രം. അതേസമയം, പ്രശാന്തൻ മുഖ്യമന്ത്രിക്കു നൽകിയെന്ന് അവകാശപ്പെടുന്ന പരാതിയിൽ, നിരാക്ഷേപപത്രം 8നു ലഭിച്ചെന്നാണു പറഞ്ഞിരിക്കുന്നത്. എന്നാൽ, 9നു വൈകിട്ട് 3.47ന് ആണ് എഡിഎം ഇതിൽ ഒപ്പിട്ടിരിക്കുന്നത്.

Related Articles
Next Story

COPYRIGHT 2024

Powered By Blink CMS