‘സംഭവിച്ചത് അനിഷ്ടകരമായ കാര്യങ്ങൾ, ഖേദമുണ്ട്’: നവീന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കലക്ടർ

ഖേദം പ്രകടിപ്പിക്കുന്ന കത്ത് സബ് കലക്ടർ വഴിയാണ് പത്തനംതിട്ട മലയാലപ്പുഴയിലെ നവീൻ ബാബുവിന്റെ കുടുംബത്തിനു കൈമാറിയത്

പത്തനംതിട്ട: കണ്ണൂർ മുൻ എ‍ഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച് കണ്ണൂർ കലക്ടർ അരുൺ കെ.വിജയൻ. ഖേദം പ്രകടിപ്പിക്കുന്ന കത്ത് സബ് കലക്ടർ വഴിയാണ് പത്തനംതിട്ട മലയാലപ്പുഴയിലെ നവീൻ ബാബുവിന്റെ കുടുംബത്തിനു കൈമാറിയത്. മാപ്പ് അപേക്ഷിച്ചുള്ള കത്ത് രാവിലെയോടെ മലയാലപ്പുഴയിലെ വീട്ടിൽ നേരിട്ട് എത്തിക്കുകയായിരുന്നു. സംഭവിച്ചത് അനിഷ്ടകരമായ കാര്യങ്ങളാണെന്നും താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കലക്ടർ കത്തിൽ വ്യക്തമാക്കി. യാത്രയയപ്പ് ചടങ്ങിനു ശേഷം നവീൻ ബാബുവിനെ കലക്ടർ ചേംബറിലേക്ക് വിളിപ്പിച്ച് സംസാരിച്ചിരുന്നുവെന്നും കത്തിൽ പറഞ്ഞു.

കലക്ടർക്കെതിരെ ഗുരുതര ആരോപണമാണ് നവീൻ ബാബുവിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. വിരമിക്കൽ ചടങ്ങല്ല, മറിച്ച് സ്ഥലം മാറ്റമാണെന്നും യാത്രയയപ്പ് ചടങ്ങ് വേണ്ടെന്നും കലക്ടറോട് നവീൻ ബാബു അഭ്യർഥിച്ചിരുന്നുവെന്നാണ് ബന്ധു മലയാലപ്പുഴ മോഹനൻ ആരോപിച്ചത്. പക്ഷേ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയ്ക്കു വേണ്ടി ചടങ്ങ് ഉച്ചയ്ക്ക് ശേഷം സംഘടിപ്പിക്കുകയായിരുന്നു. നവീൻ ബാബുവിന്റെ മരണത്തിൽ കലക്ടറേറ്റിലെ ജീവനക്കാർക്കും കലക്ടറോട് അമർഷം ഉയർന്ന സാഹചര്യത്തിലാണ് കുടുംബത്തോട് ഖേദം പ്രകടിപ്പിച്ചുള്ള കത്ത് കൈമാറിയത്.

കലക്ടറുടെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കണ്ണൂർ ടൗൺ സിഐയാണ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയത്. കലക്ടർക്കെതിരെ പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി കെ.രാജൻ നേരത്തേ അറിയിച്ചിരുന്നു. നിലവിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കുടുംബത്തിന്റെ പരാതിയിൽ ദിവ്യയ്ക്കെതിരെ മാത്രമാണ് ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. കല്കടർക്കെതിരെ ഇതുവരെ ബന്ധുക്കൾ പരാതി നൽകിയിട്ടില്ല.

Related Articles
Next Story