എഡിഎമ്മിന്റെ മരണം; കളക്ടര്‍ അരുണ്‍ കെ. വിജയനെതിരേ പ്രതിഷേധം ശക്തമാകുന്നു

പ്രതിഷേധങ്ങൾ കനത്തതോടെ കളക്ടറെ മാറ്റാൻ റവന്യൂ വകുപ്പിനുമേലും സമ്മര്‍ദം ശക്തമായിരിക്കുകയാണ്

കണ്ണൂര്‍: എ.ഡി.എം. കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവർത്തകർ കണ്ണൂർ കളക്ടറേറ്റിലേയ്ക്ക് മാര്‍ച്ച് നടത്തി. കളക്‌ടറേറ്റിന് പുറത്ത് പ്രവർത്തകരെ പോലീസ് തടഞ്ഞതോടെ സംഘര്‍ഷം ഉടലെടുത്തു. പിന്നീട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പ്രതിഷേധങ്ങൾ കനത്തതോടെ കളക്ടറെ മാറ്റാൻ റവന്യൂ വകുപ്പിനുമേലും സമ്മര്‍ദം ശക്തമായിരിക്കുകയാണ്. മുഖ്യമന്ത്രിയടക്കമുള്ളവരോട് ആലോചിച്ച് റവന്യൂ വകുപ്പ് തീരുമാനമെടുക്കുമെന്നാണ് അറിയിരുന്നത്. നവീന്‍ ബാബുവിന്റെ കുടുംബവും കളക്ടര്‍ക്കെതിരായ നിലപാടാണ് കൈക്കൊണ്ടത്. കളക്ടറുടെ പ്രവര്‍ത്തനത്തില്‍ സി.പി.ഐ.ക്കും അതൃപ്തിയുണ്ട്. വ്യാഴാഴ്ച സി.പി.ഐ. സംസ്ഥാന എക്‌സിക്യുട്ടീവില്‍ പങ്കെടുത്ത നേതാക്കള്‍ രാത്രി റവന്യൂമന്ത്രി കെ. രാജനെ നേരിട്ട് ഇക്കാര്യം അറിയിച്ചിട്ടുണ്ട്.അതേസമയം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ ചുമതലയുള്ള ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ. ഗീത, കളക്ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴിയെടുത്തു. കണ്ണൂര്‍ കളക്ട്രേറ്റിലെത്തിയായിരുന്നു മൊഴിയെടുപ്പ്.

Related Articles
Next Story