കളക്ടറുടെ മൊഴി: വ്യക്തതതേടി പ്രത്യേക അന്വേഷണസംഘം

യാത്രയയപ്പ്‌ യോഗത്തിനുശേഷം ‘ഒരു തെറ്റുപറ്റി’യെന്ന് അഡീഷണൽ ഡിസ്ട്രിക്ട്‌ മജിസ്േട്രറ്റ്‌ (എ.ഡി.എം.) കെ. നവീൻ ബാബു തന്നോട്‌ പറഞ്ഞെന്നും മൊഴിയുടെ പൂർണരൂപം പുറത്തുവന്നിട്ടില്ലെന്നുമുള്ള കളക്ടറുടെ പ്രതികരണത്തെത്തുടർന്നാണിത്

കണ്ണൂർ: കളക്ടർ അരുൺ കെ. വിജയന്റെ പുതിയ വെളിപ്പെടുത്തലിൽ വ്യക്തതതേടി അദ്ദേഹത്തിൽനിന്ന്‌ വീണ്ടും മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം. യാത്രയയപ്പ്‌ യോഗത്തിനുശേഷം ‘ഒരു തെറ്റുപറ്റി’യെന്ന് അഡീഷണൽ ഡിസ്ട്രിക്ട്‌ മജിസ്േട്രറ്റ്‌ (എ.ഡി.എം.) കെ. നവീൻ ബാബു തന്നോട്‌ പറഞ്ഞെന്നും മൊഴിയുടെ പൂർണരൂപം പുറത്തുവന്നിട്ടില്ലെന്നുമുള്ള കളക്ടറുടെ പ്രതികരണത്തെത്തുടർന്നാണിത്.

സത്യം സത്യമായി പറയാതിരിക്കാൻ നിർവാഹമില്ലെന്നും നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതിവിധിയിലുള്ള ഭാഗങ്ങൾ തന്റെ മൊഴിയാണെന്നും എന്നാൽ, പറഞ്ഞത് മുഴുവനായും പുറത്തുവന്നിട്ടില്ലെന്നുമാണ്‌ കളക്ടർ മാധ്യമങ്ങളോട് പറഞ്ഞത്. കളക്ടറിൽനിന്ന്‌ വീണ്ടും മൊഴിയെടുക്കുന്നത് തീരുമാനിക്കാൻ വെള്ളിയാഴ്ച കമ്മിഷണർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം യോഗംചേരും.

അതിനിടെ കളക്ടറുടെ വെളിപ്പെടുത്തൽ കേസന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്‌. കളക്ടറും സർക്കാരിൽ ഉന്നതസ്ഥാനം വഹിക്കുന്ന ജില്ലയിൽനിന്നുള്ളയാളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയാണ്‌ അതിനുപിന്നിലെന്നും ആരോപണമുയർന്നിട്ടുണ്ട്‌.

Related Articles
Next Story