‘ധനുഷിന് എന്നോട് പക, എന്റെ ഡോക്യുമെന്ററി പുറത്തിറക്കാൻ 10 കോടി ആവശ്യപ്പെട്ടു’: നയൻതാര

ധനുഷ് മുഖം മൂടിയണിഞ്ഞ് സമൂഹത്തിന് മുന്നിൽ അഭിനയിക്കുന്നുവെന്നും നയൻതാര പറയുന്നു.

ചെന്നൈ: നടൻ ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി നയൻതാര. തന്റെ ഡോക്യുമെന്ററി പുറത്ത് ഇറക്കാൻ തടസം നിൽക്കുന്നു. ധനുഷിന് തന്നോട് പക. ട്രെയിലറിലെ 3 സെക്കൻഡ് ദൃശ്യങ്ങൾ നീക്കാൻ 10 കോടി ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. ധനുഷ് മുഖം മൂടിയണിഞ്ഞ് സമൂഹത്തിന് മുന്നിൽ അഭിനയിക്കുന്നുവെന്നും നയൻതാര പറയുന്നു.

ധനുഷിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എത്തിയ നയൻതാരയുടെ കത്ത് സിനിമാ പ്രവർത്തകരെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത തുറന്ന കത്തിലാണ് നടിയുടെ പ്രതികരണം. നയൻ‌താര–വിഘ്നേശ് വിവാഹവുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന ഡോക്യുമെന്ററിയിൽ നാനും റൗഡി താൻ സിനിമയുടെ ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിൽ ധനുഷ് ഇടംകോലിടുന്നതായാണ് നയൻ‌താരയുടെ പരാതി. ഇതുമായി ബന്ധപ്പെട്ടു നയതാരയെയും പങ്കാളിയെയും ധനുഷ് നിരന്തരമായി ദ്രോഹിക്കുന്നു എന്നും കത്തിൽ പറയുന്നു. തനിക്ക് 10 കോടി രൂപയുടെ വക്കീൽ നോട്ടീസ് അയച്ചതിനെ ‘നീചമായ’ പ്രവർത്തി എന്നും നയൻ‌താര വിളിച്ചു.

നയൻതാരയുടെ കത്തിന്റെ പൂർണരൂപം

പ്രിയപ്പെട്ട ധനുഷ് കെ രാജ,

S/o കസ്തൂരി രാജ, B/o സെൽവരാഘവൻ

നിരവധി തെറ്റായ കാര്യങ്ങൾ ശരിയാക്കാൻ വേണ്ടിയുള്ള തുറന്ന കത്താണിത്.

നിങ്ങളുടെ അച്ഛന്റെയും മികച്ച സംവിധായകനായ സഹോദരന്റെയും പിന്തുണയും അനുഗ്രഹവുമുള്ള താങ്കളെപ്പോലുള്ള ഒരു നല്ല നടൻ, ഇത് വായിച്ച് മനസ്സിലാക്കേണ്ടതുണ്ട്. നമുക്കെല്ലാവർക്കും അറിയാവുന്ന സിനിമ എന്നെപ്പോലുള്ളവരുടെ നിലനിൽപ്പിനായുള്ള പോരാട്ടമാണ്. ഈ വ്യവസായത്തിൽ യാതൊരു ബന്ധവുമില്ലാത്ത സെൽഫ് മെയ്ഡായ സ്ത്രീയാണ് ഞാൻ, ഇന്ന് ഞാൻ വഹിക്കുന്ന സ്ഥാനത്തേക്ക് എത്താൻ ഏറെ പാടുപെടേണ്ടി വന്ന ഒരാൾ. എന്നെ അറിയുന്നവരെ സംബന്ധിച്ച് ഇതൊരു രഹസ്യമല്ല.

എന്റെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുടെ റിലീസ് ഞാൻ മാത്രമല്ല, എന്റെ നിരവധി ആരാധകരും അഭ്യുദേയകാംക്ഷികളും ഏറെ കാത്തിരുന്നു. ഞങ്ങൾക്ക് നേരിട്ട എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് പ്രോജക്ട് കൊണ്ടുപോവാൻ സിനിമാ സുഹൃത്തുക്കളും മുഴുവൻ ടീമും വേണ്ടി വന്നു.

സിനിമയ്‌ക്കെതിരെയും, എന്നോടും എന്റെ പങ്കാളിയോടും നിങ്ങൾ തീർക്കുന്ന പ്രതികാരം ഞങ്ങളെ മാത്രമല്ല, ഈ പ്രോജക്ടിനായി പരിശ്രമവും സമയവും നൽകിയ ആളുകളെയും ബാധിക്കുന്നു. എന്നെയും എന്റെ ജീവിതത്തെയും എന്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള ഈ നെറ്റ്ഫ്ളിക്സ്ഡോക്യുമെന്ററിയിൽ ഇൻഡസ്ട്രിയിലെ അഭ്യുദേയകാംക്ഷികളിൽ പലരുടെയും ക്ലിപ്പുകളും ഒന്നിലധികം സിനിമകളിൽ നിന്നുള്ള ഓർമകളും ഉൾപ്പെടുന്നു, എന്നാൽ ഏറ്റവും സവിശേഷവും പ്രധാനപ്പെട്ടതുമായ ചിത്രമായ ‘നാനും റൗഡി താൻ’ ഉൾപ്പെടുത്തിയിട്ടില്ല.

ഞങ്ങളുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി റിലീസിന് നിങ്ങളുടെ എൻഒസി (നോൺ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ്) കിട്ടാനായി കാത്തിരുന്ന നീണ്ട രണ്ട് വർഷത്തിന് ശേഷം, നിങ്ങളത് അനുവദിക്കാൻ വിസമ്മതിച്ചതിനാൽ, നിലവിലെ പതിപ്പ് ഉപേക്ഷിക്കാനും വീണ്ടും എഡിറ്റ് ചെയ്യാനും പരിഹരിക്കാനും ഞങ്ങൾ തീരുമാനിച്ചു. നാനും റൗഡി താനിലെ പാട്ടുകളോ വിഷ്വൽ കട്ടുകളോ, ഫോട്ടോഗ്രാഫുകളോ ഉപയോഗിക്കാൻ ഒന്നിലധികം തവണ അഭ്യർഥിച്ചിട്ടും നിങ്ങൾ അനുവദിച്ചില്ല.

നാനും റൗഡി താനിലെ ഗാനങ്ങൾ ഞങ്ങളെ സംബന്ധിച്ച് വിലമതിക്കപ്പെടുന്ന ഒന്നാണ്. കാരണം ആ വരികൾ വന്നത് യഥാർഥ വികാരങ്ങളിൽ നിന്നാണ്. ഞങ്ങളുടെ ഡോക്യുമെന്ററിയിൽ ഞങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഇതിലും മികച്ച പാട്ടുകൾ ഇല്ലെന്നറിഞ്ഞുകൊണ്ട് തന്നെ, നിങ്ങളതിനു വിസമ്മതിച്ചപ്പോൾ എന്റെ ഹൃദയം തകർന്നു.

ബിസിനസ്സ് നിർബന്ധങ്ങളാലോ പണസംബന്ധമായോ പ്രശ്നങ്ങളോ ആണ് നിങ്ങളുടെ പ്രശ്നമെങ്കിൽ അതു മനസ്സിലാക്കാവുന്നതാണ്; എന്നാൽ താങ്കളുടെ ഈ തീരുമാനം ഞങ്ങളോടുള്ള വ്യക്തിപരമായ വിദ്വേഷം തീർക്കാൻ വേണ്ടി മാത്രമുള്ളതാണെന്നും നിങ്ങൾ ഇത്രയും കാലം മനഃപൂർവം മൗനം പാലിക്കുകയായിരുന്നു എന്നും അറിയുന്നത് വേദനാജനകമാണ്.

നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങിയതിന് ശേഷം ലഭിച്ച നിങ്ങളുടെ വക്കീൽ നോട്ടീസ് അതിലും ഞെട്ടിപ്പിക്കുന്നതാണ്. ഞങ്ങളുടെ സ്വകാര്യ ഉപകരണങ്ങളിൽ ചിത്രീകരിച്ച ചില വിഡിയോകളുടെ (വെറും 3 സെക്കൻഡ്) ഉപയോഗത്തെ നിങ്ങൾ ചോദ്യം ചെയ്തതു കണ്ട് ഞങ്ങൾ ഞെട്ടിപ്പോയി. അതും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇതിനകം തന്നെ പരസ്യമായി പ്രത്യക്ഷപ്പെട്ട ബിടിഎസ് ദൃശ്യങ്ങൾക്കും മറ്റും 10 കോടി രൂപ നിങ്ങൾ ക്ലെയിം ചെയ്തു.

കേവലം 3 സെക്കൻഡിനുള്ള നഷ്ടപരിഹാരമായി കോടികൾ. ഇത് വളരെ മോശമായി പോയി. ഇത് നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് സംസാരിക്കുന്നു. ഓഡിയോ ലോഞ്ചുകളിൽ ചിത്രീകരിക്കപ്പെടുന്ന നിങ്ങളുടെ പകുതിയെങ്കിലും നന്മ നിങ്ങൾ യഥാർഥ ജീവിതത്തിൽ കാണിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ, നിങ്ങൾ പ്രസംഗിക്കുന്നത് നിങ്ങൾ ചെയ്യുന്നില്ല, കുറഞ്ഞത് എന്റെയും എന്റെ പങ്കാളിയുടെയും കാര്യത്തിൽ.

ഒരു നിർമ്മാതാവ് സെറ്റിലെ എല്ലാ വ്യക്തികളുടെയും ജീവിതത്തെയും സ്വാതന്ത്ര്യത്തെയും നിയന്ത്രിക്കുന്ന ഒരു ചക്രവർത്തിയാകുമോ? ചക്രവർത്തിയുടെ നിർദ്ദേശത്തിൽ നിന്നുള്ള എന്തെങ്കിലും വ്യതിയാനം നിയമപരമായ പ്രത്യാഘാതങ്ങളെ വിളിച്ചു വരുത്തുമോ? നിങ്ങളുടെ നിയമപരമായ അറിയിപ്പ് എനിക്ക് ലഭിച്ചു. നിയമാനുസൃതമായ മാർഗങ്ങളിലൂടെ ഞങ്ങൾ അതിനോട് ഉചിതമായി പ്രതികരിക്കും. ഞങ്ങളുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിക്ക് വേണ്ടി നാനും റൗഡി താനുമായി ബന്ധപ്പെട്ട എലമെന്റുകൾ ഉപയോഗിക്കുന്നതിന് എൻഒസി നൽകാനുള്ള നിങ്ങളുടെ വിസമ്മതം പകർപ്പവകാശവുമായി ബന്ധപ്പെട്ടു നിങ്ങൾക്ക് കോടതിയിൽ ന്യായീകരിക്കാനായേക്കാം. എന്നാൽ അതിലൊരു ധാർമ്മിക വശമുണ്ടെന്ന് ഞാൻ നിങ്ങളെ ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നു. അത് ദൈവത്തിന്റെ കോടതിയിൽ പ്രതിരോധിക്കേണ്ടപ്പെടും.

സിനിമ പുറത്തിറങ്ങി ഏകദേശം 10 വർഷമായി, ലോകത്തിന് മുന്നിൽ മുഖംമൂടി ധരിച്ച് ഒരാൾ ഇപ്പോഴും നീചമായി തുടരാൻ തുടങ്ങിയിട്ട് വളരെക്കാലമായി. ഒരു നിർമാതാവ് എന്ന നിലയിൽ നിങ്ങളുടെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി ആ ചിത്രം മാറിയിട്ടും, ഇന്നും എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു സിനിമയായതു മാറിയിട്ടും നിങ്ങൾ ആ സിനിമയെ കുറിച്ചു പറഞ്ഞ ഭയാനകമായ കാര്യങ്ങൾ ഞാൻ മറന്നിട്ടില്ല. റിലീസിന് മുമ്പായി നിങ്ങൾ പറഞ്ഞ വാക്കുകൾ ഇതിനകം ഞങ്ങൾക്ക് ഉണങ്ങാത്ത മുറിവുകൾ ഉണ്ടാക്കിയിട്ടുണ്ട്. സിനിമ ബ്ലോക്ക്ബസ്റ്റർ ആയതു നിങ്ങളുടെ ഈഗോയെ വല്ലാതെ വേദനിപ്പിച്ചതായി ഫിലിം സർക്കിളുകളിൽ നിന്ന് ഞാൻ മനസ്സിലാക്കി. ഈ സിനിമയുമായി ബന്ധപ്പെട്ട അവാർഡ് ചടങ്ങുകളിലൂടെ (ഫിലിംഫെയർ 2016) അതിന്റെ വിജയത്തെക്കുറിച്ചുള്ള നിങ്ങളുടെ അതൃപ്തി സാധാരണക്കാർക്ക് പോലും വ്യക്തമായി മനസ്സിലാക്കാനാവും.

ബിസിനസ്സ് കിടമത്സരത്തിനപ്പുറം, പൊതുജീവിതത്തിലെ പ്രമുഖ വ്യക്തികൾ മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ വലിയ തോതിൽ കൈകടത്തുന്നില്ല. മര്യാദയും മാന്യതയും വിശാലഹൃദയത്തോടെയുള്ള പെരുമാറ്റവും അത്തരം കാര്യങ്ങളിൽ നിർബന്ധമാണ്. തമിഴ്നാട്ടിലെ ജനങ്ങളോ ശരിയായ മനഃസാക്ഷിയുള്ളവരോ അത്തരം സ്വേച്ഛാധിപത്യത്തെ അഭിനന്ദിക്കില്ലെന്ന് ഞാൻ വിശ്വസിക്കുന്നു, അത് നിങ്ങളെപ്പോലുള്ള ഒരു സ്ഥാപിത വ്യക്തിത്വത്തിൽ നിന്നാണെങ്കിലും.

നിങ്ങൾക്ക് മുൻപരിചയമുള്ളവരുടെ വിജയങ്ങളിൽ അസ്വസ്ഥനാകാതിരിക്കൂ. നിങ്ങൾക്ക് മനസമാധാനം ഉണ്ടാകട്ടെ എന്ന് ഞാൻ ഈ കത്തിലൂടെ ആശംസിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.

ഈ ലോകം എല്ലാവരുടേതുമാണ്. എല്ലാവർക്കുമുള്ളതാണ്. നിങ്ങൾക്ക് പരിചയമുള്ളവരും ജീവിതത്തിൽ ഉയർന്നുവരുന്നത് സാധാരണമാണ്. വൻ സിനിമാപാരമ്പര്യമില്ലാത്തവരും ഉയരങ്ങളിൽ എത്തുന്നത് സാധാരണമാണ്. ചില മനുഷ്യർ ബന്ധങ്ങൾ ഉണ്ടാക്കുന്നതും, സ്നേഹം കണ്ടെത്തുന്നതും സാധാരണമാണ്. ഇതൊന്നും നിങ്ങളിൽനിന്നും ഒന്നും അപഹരിക്കുന്നില്ലല്ലോ. മേൽപ്പറഞ്ഞതെല്ലാം ജനങ്ങളുടെ കരുണയിലും സ്നേഹത്തിലും കഠിനാധ്വാനത്തിന്റെ ബലത്തിലും ഉണ്ടാകുന്നതാണ്.

ചില കള്ളക്കഥകളുണ്ടാക്കി പഞ്ച് വാചകങ്ങൾ ചേർത്ത് അടുത്ത ഓഡിയോ ലോഞ്ചിൽ നിങ്ങൾ പറയുമായിരിക്കും. അതും ദൈവം കാണുന്നുണ്ടെന്നു ഓർക്കൂ. നിങ്ങളുടെ വാക്ചാതുരിയിലേക്ക് ഒരു ജർമൻ വാക്ക് ഞാൻ ചേർത്തോട്ടെ; അത് ‘schadenfreude’ (മറ്റുള്ളവരുടെ നിർഭാഗ്യങ്ങളിൽ സന്തോഷം കണ്ടെത്തുന്ന സ്വഭാവം) എന്നതാണ്. ഇനി മേലാൽ നിങ്ങൾ ആ വികാരം ഞങ്ങളുമായോ മറ്റാരുമായോ ഇനി ആസ്വദിക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഞാൻ ആഗ്രഹിക്കുന്നു.

ഈ വിശാലമായ ലോകത്ത് താഴെക്കിടയിലുള്ളവരുടെ ജീവിതങ്ങളിലേക്ക് നോക്കാനും മറ്റുള്ളവരുടെ സന്തോഷങ്ങളിൽ സന്തോഷം കണ്ടെത്താനും, അപരന്റെ കഥകളിൽ ആനന്ദം അറിയാനും എളുപ്പമാണെന്നും മനസിലാക്കുമല്ലോ. ഞങ്ങളുടെ ഈ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുടെ ഉദ്ദേശങ്ങളിൽ ഒന്ന് അതുകൂടിയാണ്. ഇത് കാണൂ, ചിലപ്പോൾ നിങ്ങളുടെ മനസ്സ് മാറിയാലോ. സ്നേഹത്തോടെയിരിക്കുകയെന്നത് വളരെ പ്രധാനമാണ്. വെറുതെ വാക്കാൽ പറയുക മാത്രമല്ലാതെ നിങ്ങൾക്ക് അതിനു മുഴുവനായും സാധിക്കട്ടേയെന്നു ആത്മാർഥമായി ഞാൻ ആഗ്രഹിക്കുന്നു. പ്രാർഥിക്കുന്നു.

ഓം നമഃ ശിവായ

Related Articles
Next Story