വീണ്ടും ചോര തെറിപ്പിച്ച് മുംബൈ അധോലോകം; ബാബ സിദ്ദിഖിയുടെ വധത്തില്‍ വിറങ്ങലിച്ച് ബോളിവുഡ്

ശക്തമായ രാഷ്ട്രീയ-സിനിമാ ബന്ധങ്ങളുള്ള നേതാവായിരുന്നു ബാബ സിദ്ദിഖി. സല്‍മാന്‍ ഖാന്‍-ഷാരൂഖ് ഖാന്‍ പോര് ഒഴിവായത് സിദ്ദിഖിയുടെ നയചാതുരിയിലാണ്. രണ്ട് ഖാന്‍മാരുമായും വളരെ അടുത്ത ബന്ധമാണ് സിദ്ദിഖിക്ക് ഉള്ളത്. ബിഗ്‌ ബോസ് ഷൂട്ടിംഗ് ഒഴിവാക്കിയാണ് മൃതദേഹം കാണാന്‍ സല്‍മാന്‍ ഖാന്‍ എത്തിയത്. അപ്രതീക്ഷിത കൊലപാതകത്തിൻ്റെ നടുക്കം രാഷ്ട്രീയ രംഗത്തുനിന്നും ബോളിവുഡിലേക്കും സംക്രമിക്കുകയാണ്. രാഷ്ട്രീയ നേതാക്കള്‍ക്കും ബോളിവുഡ് താരങ്ങള്‍ക്കുമുള്ള സുരക്ഷ പോലീസ് ശക്തമാക്കിയിട്ടുണ്ട്.

കൃഷ്ണമൃഗത്തെ വേട്ടയാടിയതിന്‍റെ പേരിൽ സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയ ബിഷ്ണോയ് സംഘം ഈ കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കഴിഞ്ഞു. സല്‍മാന്റെ സുഹൃത്തുക്കള്‍ എല്ലാവരും ബിഷ്ണോയ്കളുടെ ശത്രുക്കളാണ് എന്നാണ് ഇവർ പ്രഖ്യാപിച്ചിട്ടുള്ളത്.

ഈ ഭീതിയാണ് ബോളിവുഡിനേയും രാഷ്ട്രീയ നേതാക്കളെയും അലട്ടുന്നത്. മുംബൈ അധോലോകത്ത് ആധിപത്യം സ്ഥാപിക്കാനുള്ള നീക്കമാണ് ലോറന്‍സ് ബിഷ്ണോയുടെ സംഘം നടത്തുന്നതെന്ന നിഗമനത്തിലാണ് പോലീസ്. ഈ ഭീതിയാണ് ബോളിവുഡിനേയും രാഷ്ട്രീയ നേതാക്കളെയും അലട്ടുന്നത്


ഹരിയാന, യുപി സ്വദേശികളായ കര്‍ണാലി സിങ്, ധര്‍മരാജ് കശ്യപ് എന്നിവരാണ് വധത്തില്‍ അറസ്റ്റിലായത്. ഇവര്‍ക്ക് ലോറന്‍സ് ബിഷ്ണോയ് സംഘവുമായി അടുത്ത ബന്ധമുണ്ട്. ഏറെക്കാലത്തിനു ശേഷമാണ് മുംബൈയില്‍ വീണ്ടും ചോര തെറിക്കുന്നത്. വധഭീഷണി നിലനില്‍ക്കുന്നതിനാല്‍ സിദ്ദിഖിക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എന്നിട്ടും ആക്രമണം ഉണ്ടായതാണ് മുംബൈയെ ഞെട്ടിക്കുന്നത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ ഭരണകക്ഷി നേതാവിന്റെ വധം മഹാരാഷ്ട്ര സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

മുംബൈയില്‍ വര്‍ഷങ്ങളുടെ കോണ്‍ഗ്രസ് പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവായിരുന്നു സിദ്ദിഖി. ഈയിടെയാണ് കോണ്‍ഗ്രസ് വിട്ട് അജിത്‌ പവാറിന്റെ എന്‍സിപിയില്‍ ചേര്‍ന്നത്. 1999, 2004, 2009 എന്നിങ്ങനെ മൂന്ന് തവണ എംഎല്‍എ ആയിരുന്നു. 2004 മുതല്‍ 2008 വരെ ഭക്ഷ്യമന്ത്രിയും ആയിരുന്നു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് സുനില്‍ ദത്തുമായി വളരെ അടുപ്പത്തിലായിരുന്നു സിദ്ദിഖി. അദ്ദേഹത്തിൻ്റെ മകൻ സഞ്ജയ്‌ ദത്തുമായും ഇതേ അടുപ്പമുണ്ട്. ബോളിവുഡ് താരങ്ങള്‍ അടക്കമുള്ളവര്‍ എത്തുന്ന ഇഫ്താര്‍ വിരുന്നുകളാണ് സിദ്ദിഖി നടത്തിയിരുന്നത്.

മാസങ്ങള്‍ക്ക് മുന്‍പ് സല്‍മാന്റെ വീടിനു നേരെ ബിഷ്ണോയ് സംഘം വെടിവയ്പ്പ് നടത്തിയിരുന്നു. അതിലൊരു പ്രതി അനൂജ് തപന്‍ (32) ദുരൂഹ സാഹചര്യത്തില്‍ പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ മരിച്ചതും ലോറന്‍സ് ബിഷ്ണോയി ടീമിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ലോറന്‍സ് ബിഷ്‌ണോയി ഗുജറാത്തിലെ ജയിലിലാണുള്ളത്.

ഒരുമാസമായി കൊലയാളി സംഘം ബാന്ദ്രയിലുണ്ട്. 14000 രൂപ വാടകയുള്ള വീടിലാണ് താമസിച്ചത്. കൊലപാതകത്തിനുള്ള അഡ്വാന്‍സ്സായി മൂന്ന് ലക്ഷം രൂപയും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പേ തോക്കും ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി ഈസ്റ്റ് ബാന്ദ്രയിലെ മകന്റെ ഓഫീസിന് പുറത്തുവച്ചാണ് ബാബ സിദ്ദിഖി വെടിയേറ്റ്‌ മരിച്ചത്. ഓഫീസില്‍ നിന്നിറങ്ങി കാറിനടുത്തേക്ക് നടക്കുമ്പോള്‍ ആക്രമികൾ വെടിയുതിര്‍ക്കുകയായിരുന്നു. ആറ് വെടിയുണ്ടകളില്‍ നാലെണ്ണം നെഞ്ചിലാണ് കൊണ്ടത്. മുംബൈ പോലീസിൻ്റെ നാല് സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്.


Related Articles
Next Story