നീലേശ്വരത്ത് കളിയാട്ടത്തിനിടെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചു; 154 പേർക്ക് പരുക്ക്,10 പേരുടെ നില ഗുരുതരം

പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീപ്പൊരി വീണാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു

നീലേശ്വരം: കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റ 10 പേരുടെ നില ഗുരുതരം. ആകെ 154 പേർക്ക് പരുക്കുണ്ട്.

ഇന്നലെ അർധരാത്രിയോടെയാണ് അപകടമുണ്ടായത്. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീപ്പൊരി വീണാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. പരിയാരം മെഡിക്കൽ കോളജ്, കണ്ണൂർ മിംസ് എന്നിവിടങ്ങളിൽ ചികിത്സയിലുള്ളവരാണ് ഗുരുതരനിലയിലുള്ളത്. ക്ഷേത്രത്തിൽ കളിയാട്ടം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

സംഭവത്തിൽ ക്ഷേത്ര പ്രസിഡന്റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു. ചിതറിയോടുന്നതിനിടെ ആണ് പലർക്കും പരുക്കേറ്റത്. വടക്കൻ മലബാറിലെ ആദ്യ തെയ്യം ഈ ക്ഷേത്രത്തിലാണ്. ഒരു കിലോമീറ്റർ അകലെ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറ‍ഞ്ഞു. ചൈനീസ് പടക്കങ്ങളാണ് രാത്രി പൊട്ടിച്ചത്. ഇന്ന് പൊട്ടിക്കാനുള്ള നാടൻ പടക്കങ്ങളിലേക്ക് തീപ്പൊരി വീണാണ് സ്ഫോടനമുണ്ടായത്.

വെടിക്കെട്ടിന് അനുമതി ഉണ്ടായിരുന്നില്ലെന്ന് കലക്ടർ കെ.ഇമ്പശേഖരൻ പറഞ്ഞു. പടക്കം സൂക്ഷിച്ചതിന് അടുത്തു തന്നെയാണ് വെടിക്കെട്ട് നടത്തിയത്. മാനദണ്ഡങ്ങൾ പാലിച്ചില്ല. കസ്റ്റഡിയിലെടുത്തവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കലക്ടർ പറഞ്ഞു. പടക്കം സൂക്ഷിച്ച സ്ഥലത്ത് തീപ്പൊരി വീണാണ് സ്ഫോടനം ഉണ്ടായതെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ്പ പറഞ്ഞു.

Related Articles
Next Story