പി.ജയചന്ദ്രന് ആദരാഞ്ജലിയുമായി സംഗീത ലോകം: തൃശൂരിൽ പൊതുദർശനം, സംസ്കാരം ശനിയാഴ്ച ചേന്ദമംഗലത്ത്

ഇന്ന് രാവിലെ 9.30ന് മൃതദേഹം പൂങ്കുന്നത്ത്, ചക്കാമുക്ക്, തോട്ടേക്കാട് ലൈൻ തറവാട് വീട്ടിൽ (മണ്ണത്ത് ഹൗസ്) എത്തിക്കും

തൃശൂർ: മലയാളികളുടെ ഭാവഗായകൻ പി. ജയചന്ദ്രന്റെ (80) സംസ്കാരം നാളെ. ശനിയാഴ്ച വൈകിട്ട് 3.30ന് പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും. ഇന്ന് രാവിലെ 9.30ന് മൃതദേഹം പൂങ്കുന്നത്ത്, ചക്കാമുക്ക്, തോട്ടേക്കാട് ലൈൻ തറവാട് വീട്ടിൽ (മണ്ണത്ത് ഹൗസ്) എത്തിക്കും. ഉച്ചയ്ക്ക് 12 മണിമുതൽ സംഗീത അക്കാദമി ഹാളിൽ പൊതുദർശനം നടത്തും. തുടർന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലേക്ക് കൊണ്ടുപോകും.

നാളെ (ശനിയാഴ്ച) രാവിലെ 9 മണി മുതൽ 12 മണിവരെ ചേന്ദമംഗലം പാലിയം തറവാട്ടിൽ പൊതുദർശനം ഉണ്ടാകും. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 7.54നായിരുന്നു മലയാളികളുടെ പ്രിയ ഗായകന്റെ വിയോഗം. വ്യാഴാഴ്ച വൈകിട്ട് വീട്ടിൽ വച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. അർബുദരോഗബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. ഭാര്യ ലളിത. മകൾ ലക്ഷ്മി. മകൻ ഗായകൻ കൂടിയായ ദിനനാഥൻ.


Related Articles
Next Story