'മുഖ്യമന്ത്രി കാണാതെ ഇന്‍റലിജൻസ് റിപ്പോര്‍ട്ട് പൂഴ്ത്തി'; എഡിജിപിക്കും പി ശശിക്കുമെതിരെ ആരോപണവുമായി പി വി അൻവർ

മലപ്പുറം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ. ആര്‍എസ്എസ്-എഡിജിപി ചര്‍ച്ചയുടെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് അജിത് കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും ചേര്‍ന്ന് പൂഴ്ത്തി വെച്ചെന്നാണ് പി വി അന്‍വര്‍ ആരോപിക്കുന്നത്.


ആർഎസ്എസ്-എഡിജിപി ചർച്ചയുടെ ഇൻ്റലിജൻസ്‌ റിപ്പോർട്ട് മുഖ്യമന്ത്രി ആദ്യം കണ്ടിരുന്നില്ല. അജിത് കുമാറും പി ശശിയും ചേര്‍ന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തി. വിശ്വസിക്കുന്നവർ ചതിച്ചാൽ ആർക്കും ഒന്നും ചെയ്യാനാവില്ല. മുഖ്യമന്ത്രിക്ക് ഇക്കാര്യം ബോധ്യം വരുന്നതോടെ അത് തിരുത്തുമെന്നും പി വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സന്ദീപാനന്ദ സ്വാമിയുടെ ആശ്രമം കത്തിച്ച കേസിൽ പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചു. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് മറ്റൊരു സംഘത്തെ നിയോഗിച്ചാണ് പ്രതികളെ പിടികൂടിയത്. പൊലീസിലെ ആർഎസ്എസുകാർ സർക്കാരിനെ എത്രത്തോളം പ്രതിസന്ധിയിലാക്കുന്നുവെന്നത് സന്ദീപാനന്ദ സ്വാമിയുടെ ആശ്രമം കത്തിച്ച കേസിൽ വ്യക്തമാണെന്നും പി വി അൻവർ കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story