എട്ടുമാസം വൈകിച്ചു, ഇനി അതിവേ​ഗം നടപടി; കക്കാടംപൊയിലെ പി വി അൻവറിന്റെ പാർക്കിലെ തടയണ പൊളിക്കും

കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി വി ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാനുള്ള നടപടികളാണ് ആരംഭിച്ചത്

തിരുവമ്പാടി (കോഴിക്കോട്): മുൻപ്‌ പി.വി. അൻവർ എം.എൽ.എ.യുടെ ഉടമസ്ഥതയിലായിരുന്ന കക്കാടംപൊയിലിലെ പി.വി.ആർ. നാച്വറോ റിസോർട്ടിൽ കാട്ടരുവി തടഞ്ഞുള്ള നിർമാണങ്ങൾ പൊളിക്കാൻ ഒടുവിൽ കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് നടപടി തുടങ്ങി. പൊളിച്ചുനീക്കാൻ റീ ടെൻഡർ ക്ഷണിക്കാൻ സി.പി.എം. നേതൃത്വത്തിലുള്ള ഭരണസമിതിയോഗം തീരുമാനിച്ചു.

തടയണകൾ പൊളിക്കാൻ ഹൈക്കോടതി ഉത്തരവിട്ട് എട്ടുമാസമായിട്ടും നടപടിയെടുക്കാതിരുന്ന പഞ്ചായത്ത്, അൻവർ സെപ്റ്റംബർ ആദ്യം സി.പി.എമ്മുമായി യുദ്ധപ്രഖ്യാപനം നടത്തിയശേഷമാണ് നടപടിയുമായി രംഗത്തെത്തിയത്.

കാട്ടരുവി തടഞ്ഞ് നിർമിച്ച നാലുതടയണകൾ ഒരുമാസത്തിനകം പൊളിക്കാൻ ജനുവരി 31-നാണ് ഹൈക്കോടതി ഉത്തരവിട്ടത്. കേരള നദീസംരക്ഷണസമിതി മുൻ ജനറൽ സെക്രട്ടറി ടി.വി. രാജന്റെ ഹർജിയിലായിരുന്നു ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഉത്തരവ്. എന്നാൽ, തടയണകൾ പൊളിച്ചുനീക്കുന്നതിന്റെ മറവിൽ ഉടമകൾ ഇരുവഴിഞ്ഞിപ്പുഴയുടെ കൈവഴിയായ കാട്ടരുവിതന്നെ മണ്ണിട്ടുമൂടി. തടയണകെട്ടിയ സ്ഥലത്ത് കിണർ കുഴിച്ചു. സ്ഥലത്ത് കോൺക്രീറ്റ് ഡ്രെയ്നേജും കെട്ടി.

ഇവ ഒരുമാസത്തിനകം പൊളിക്കാൻ ജൂലായ് 25-ന് കളക്ടർ സ്നേഹിൽകുമാർ സിങ് ഉത്തരവിട്ടു. കാലവർഷത്തിൽ ദുരന്തസാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ടതോടെയായിരുന്നു ഇത്. പി.വി.ആർ. നാച്വറോ പാർക്ക് ഉടമകൾത്തന്നെ ഒരുമാസത്തിനകം നിർമിതികൾ പൊളിക്കണമെന്നും അല്ലാത്തപക്ഷം പഞ്ചായത്ത് സെക്രട്ടറി പൊളിച്ചുനീക്കി ചെലവാകുന്ന തുക ഉടമകളിൽനിന്ന് ഈടാക്കണമെന്നുമായിരുന്നു ഉത്തരവ്. എന്നാൽ, നിശ്ചിതകാലാവധിയായ ഓഗസ്റ്റ് 25 പിന്നിട്ടിട്ടും ഉടമ പൊളിച്ചുനീക്കിയില്ല. പിന്നാലെ സെപ്റ്റംബർ 13-ന് പഞ്ചായത്ത് ടെൻഡർ ക്ഷണിച്ചെങ്കിലും ആരും പങ്കെടുത്തില്ല. ഇതോടെയാണ് അടിയന്തര ഭരണസമിതിയോഗം ചേർന്ന് റീ ടെൻഡറിന് നടപടി തുടങ്ങി‌യത്.

Related Articles
Next Story