പാലക്കാട് രാഹുലിന് വമ്പന്‍ വിജയം; ചേലക്കര പിടിച്ച് പ്രദീപും; വയനാട് മൂന്നര ലക്ഷം ഭൂരിപക്ഷവും കടന്ന് പ്രിയങ്ക
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് തിളങ്ങുന്ന വിജയം. 20000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലേക്ക് ആണ് പാലക്കാട് യുഡിഎഫ് നീങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ വിജയിച്ചത് നാലായിരത്തില്‍ താഴെ വോട്ടുകള്‍ക്കാണെങ്കില്‍ ഇക്കുറി ഭൂരിപക്ഷം ഇരട്ടിയാക്കിയാണ് രാഹുല്‍ മുന്നേറുന്നത്. വിവാദങ്ങളും ട്വിസ്റ്റുകളും നിറഞ്ഞ തിരഞ്ഞെടുപ്പിലാണ് വമ്പന്‍ വിജയം രാഹുല്‍ നേടിയത്.
ബിജെപിക്ക് സ്വാധീനമുള്ള പാലക്കാട് മുനിസിപ്പാലിറ്റിയില്‍ വരെ വോട്ട് കുറഞ്ഞതാണ് പാര്‍ട്ടിക്ക് തിരിച്ചടിയായത്. തോല്‍വി എങ്കില്‍ അത് 5000 വോട്ടുകള്‍ക്ക് താഴെ എന്ന ബിജെപിയുടെ കണക്കുകൂട്ടലാണ് രാഹുല്‍ പൊളിച്ചത്. കോണ്‍ഗ്രസ് വിട്ട് സിപിഎം സ്ഥാനാര്‍ത്ഥിയായി എത്തിയ പി.സരിന്റെ പ്രകടനവും നിരാശ പടര്‍ത്തുന്നതായി. ബിജെപിക്ക് സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് പിറകില്‍ മൂന്നാം സ്ഥാനത്താണ് സരിന്റെ സ്ഥാനം. ഇക്കുറിയെങ്കിലും രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിയുമെന്ന് സിപിഎം പ്രതീക്ഷിച്ചിരുന്നെങ്കിലും സരിനും ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല.
ചേലക്കരയില്‍ തിളക്കമുള്ള വിജയമാണ് ഇടത് സ്ഥാനാര്‍ത്ഥി യു.ആര്‍. പ്രദീപ് നേടിയത്. പതിനായിരത്തില്‍ കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷം ചേലക്കരയില്‍ പ്രദീപ് നേടിയിട്ടുണ്ട്. ആലത്തൂര്‍ മുന്‍ എംപി രമ്യ ഹരിദാസിനെ ഇറക്കിയിട്ടും കോണ്‍ഗ്രസിന് മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. ചേലക്കര രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും തിളങ്ങാന്‍ രമ്യ ഹരിദാസിന് കഴിഞ്ഞില്ല. കഴിഞ്ഞ തവണത്തെക്കാള്‍ വോട്ടുയര്‍ത്താന്‍ കഴിഞ്ഞെങ്കിലും വലിയ മുന്നേറ്റത്തിന് ബിജെപി സ്ഥാനാര്‍ത്ഥി കെ. ബാലകൃഷ്ണനും കഴിഞ്ഞില്ല.
വയനാട് ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി വന്‍ മുന്നേറ്റമാണ് നടത്തുന്നത്. മൂന്നു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം പ്രിയങ്ക നേടിയിട്ടുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി രണ്ടാം സ്ഥാനത്തും എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തുമാണ്.